ആലപ്പുഴ: പ്രളയാനന്തരം കുട്ടനാട്ടിൽ ആരംഭിച്ച മഹാശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ആയിരങ്ങൾ. ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ശുചീകരണത്തിൽ പങ്കെടുത്തു. കൈലിയും മുണ്ടും ഉടുത്തിറങ്ങിയ ജനക്കൂട്ടത്തിനിടയിൽ അതേ വേഷത്തിൽ മന്ത്രിമാരും ജനനേതാക്കളും, ഉദ്യോഗസ്ഥരുമൊക്കെ അണിനിരന്നു. നാലുദിവസം മുന്പാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്.
കാസർഗോഡ് മുതൽ പാറശാലവരെയുള്ളവർ ശുചീകരണത്തിൽ പങ്കെടുത്തു. കഴിഞ്ഞദിവസം പെയ്ത കനത്തമഴ കാര്യങ്ങൾ വീണ്ടും അവതാളത്തിലാക്കുമോ എന്ന ആശങ്ക ഉയർത്തിയിരുന്നു. ശുചീകരണ യജ്ഞത്തിന്റെ പ്രഖ്യാപനത്തോടൊപ്പം തന്നെ സന്നദ്ധസേവകർക്കായി ഓണ്ലൈൻ രജിസ്ട്രേഷനും തുടങ്ങിയിരുന്നു. നവമാധ്യമങ്ങളിൽ സന്ദേശം വൈറലായതോടെ സമൂഹത്തിന്റെ വിവിധമേഖലകളിൽനിന്നുള്ളവർ കുട്ടനാടിനായി കൈകോർക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.
മലയാളി സഹപാഠികളിൽനിന്ന് വിവരമറിഞ്ഞ് ഇതര സംസ്ഥാന വിദ്യാർഥികളുൾപ്പെടെയുള്ളവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ശുചീകരണത്തിൽ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച രാത്രി മുതലേ ദൂരെ നിന്നുള്ളവർ നഗരത്തിലെത്താൻ തുടങ്ങിയിരുന്നു. രജിസ്റ്റർ ചെയ്തവർ ഇന്നലെ രാവിലെ ഏഴുമുതൽ തന്നെ നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് പോകാനായി പുന്നമട ഫിനിഷിംഗ് പോയിന്റിലും കെഎസ്ആർടിസി സ്റ്റാൻഡിലും ബോട്ടുജെട്ടിയിലുമെത്തി.
രജിസ്റ്റർ ചെയ്യാതെ വന്നവർ എസ്ഡിവി മൈതാനത്തിൽ ഒത്തുചേർന്നു. ഇവരെയും പലമേഖലകളിൽ വിന്യസിച്ചു.
ഭക്ഷണം, കുടിവെള്ളം എന്നിവ പുറപ്പെടുന്ന കേന്ദ്രങ്ങളിൽതന്നെ എല്ലാവർക്കും ഉറപ്പാക്കി. ശുചീകരണസാമഗ്രികൾ എല്ലാ സംഘത്തിനും കൈമാറി. ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ശുചീകരണോപാധികൾ 16 പഞ്ചായത്തുകളിൽ എത്തിച്ചു നൽകിയിരുന്നു.
ഓരോ സംഘത്തിനും പോകാൻ ബോട്ടുകളും ബസുകളും ബാർജുകളും ടിപ്പർ ലോറികളുമുൾപ്പെടെ വാഹനങ്ങൾ സജ്ജമാക്കി. എല്ലാ മേഖലയിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കി. ഇന്നലെ തുടങ്ങിയ യജ്ഞം വരും ദിവസങ്ങളിലും തുടരുമെന്നതിനാൽ അതിനു സന്നദ്ധരായാണ് ഭൂരിഭാഗവും കുട്ടനാട്ടിലെത്തിയിരിക്കുന്നത്. ശുചീകരണം നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലും സുസജ്ജമായ ചികിൽസ സൗകര്യമുറപ്പാക്കിയിരുന്നു.
ഇതിനു പുറമേ ബോട്ടുകളിൽ മെഡിക്കൽസംഘത്തിന്റെ പട്രോളിംഗുമുണ്ടായിരുന്നു. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകൾ സന്നദ്ധസേവകർക്ക് നൽകുകയും മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അടക്കമുള്ളവർ കുട്ടനാട്ടിലെത്തുന്നുണ്ട്.