തിരുവനന്തപുരം: ഇ.പി.ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ പത്തു മണിക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ ജസ്റ്റിസ്. പി.സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു. അഞ്ചു മിനിറ്റ് നേരം ദൈർഘ്യമുള്ള ലളിതമായ ചടങ്ങായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.
സത്യപ്രതിജ്ഞാചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പങ്കെടുത്തു.സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മന്ത്രിമാരും എംഎൽഎമാരും ഇ.പി.ജയരാജനെ അനുമോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു.
മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദൻ ചടങ്ങിൽ പങ്കെടുത്തില്ല. ഗവർണറുടെ ചായ സൽക്കാരത്തിന് ശേഷം അദ്ദേഹം സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിലേക്ക് പോയി. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇ.പി.ജയരാജൻ പങ്കെടുക്കും.
വ്യവസായം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. 22 മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ.പി.ജയരാജൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബന്ധു നിയമന വിവാദത്തിൽ രാജി വച്ച ജയരാജനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. വിജിലൻസ് അന്വേഷണത്തിൽ ജയരാജന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് മടക്കി കൊണ്ട് വന്നത്. മുഖ്യമന്ത്രി മടങ്ങിയെത്തുന്നത് വരെ മുഖ്യമന്ത്രിയുടെ ചുമതല ജയരാജന് നൽകുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.