ശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര് ബസിനു മുമ്പില്‍ കയറി ശരണംവിളിയും സമരവും നടത്തരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ഒരുക്കമാണ്. വഴിയില്‍ തടഞ്ഞിടരുതെന്ന് പോലീസിനു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ വരുന്നത് സമരം ചെയ്യാനല്ല. മകരവിളക്കു കാലത്ത് തീര്‍ഥാടകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണമാണ് ചെയ്യുന്നത്.
ശബരിമല ദര്‍ശനത്തിനുശേഷവും അയ്യപ്പഭക്തന്മാര് ഭക്തിസാന്ദ്രമായി മടങ്ങണം. ക്ഷമ ഇതില്‍ പ്രധാനമാണ്. അപ്പോള്‍ അസഭ്യം പറയുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ തെറ്റാണ്.
വ്രതം നോക്കി ശബരിമലയിലെത്തി മടങ്ങുന്നവര്‍ ബസിനു മുമ്പില്‍ കയറി ഇരുന്ന് ശരണം വിളിക്കുന്നതും സമരം ചെയ്യുന്നതുമൊക്കെ തെറ്റാണ്. മറ്റുള്ളവര്‍ക്കുകൂടി തടസമുണ്ടാക്കുന്നത് ശബരിമല തീര്‍ഥാടകര്‍ക്കു ചേര്‍ന്ന രീതിയല്ല.
നമ്മളൊക്കെ ദൈവവിശ്വാസികളാണ്. അങ്ങനെ പറയുന്നതില്‍ ഒരു മടിയും കാണിക്കാത്തയാളാണ് ഞാന്‍. ഏറ്റവുമധികം ശബരിമലയില്‍ പോയിട്ടുള്ളവരില്‍ ഒരാള്‍കൂടിയാണ്.
ചെറുപ്പത്തിലൊക്കെ ഒത്തിരി ത്യാഗം സഹിച്ചാണ് പോയത്. അന്ന് ഇതേപോലെ കോണ്‍ക്രീറ്റ് റോഡോ വെളിച്ചമോ ഉണ്ടായിരുന്നില്ല. കര്‍ക്കിടകമാസത്തിലെ തോരാമഴയിലും മല കയറിയിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.