ബർലിൻ: നിയമം നിയമത്തിന്‍റെ വഴിയ്ക്കുതന്നെ നീങ്ങി. ഭാര്യ മന്ത്രിയായിട്ടും കാര്യമില്ല, ഭർത്താവിന്‍റെ ജോലി തെറിച്ചു. സംഭവം ജർമനിയിലാണ്. ജോലിയ്ക്ക് എത്താത്തതിന്‍റെ കാരണത്താൽ കുടുംബക്ഷേമ മന്ത്രി ഫ്രാൻസിസ്ക്ക ഗിഫിയുടെ(എസ്പിഡി) ഭർത്താവ് കാർസ്റ്റണ്‍ ഗിഫിയുടെ ജോലി പോയി.
2019 ഡിസംബർ 12 ന് ബർലിൻ അഡ്മിനിസ്ട്രേറ്റീവ് കോടതി നടത്തിയ വിധി കഴിഞ്ഞദിവസമാണ് മാധ്യമങ്ങൾക്ക് വാർത്തയായി ലഭിച്ചത്. വിധിന്യായത്തിൽ കാർസ്റ്റണ്‍ ഗിഫിയെ സേവനത്തിൽ നിന്ന് നീക്കം ചെയ്തതായിട്ടാണ് പറയുന്നത്.
മൃഗവൈദ്യനായ ഗിഫി ആരോഗ്യസാമൂഹിക കാര്യങ്ങളുടെ സ്റേററ്റ് ഓഫീസിലെ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഒരു മൃഗവൈദ്യൻ എന്ന നിലയിൽ ജോലിയിൽ കൃത്യനിഷ്ഠയില്ലായ്മയും, നടത്താത്ത യാത്രയുടെ പേരിൽ യാത്രബത്ത വാങ്ങിയെന്നുമുള്ള ആരോപണം ശരിവച്ചുള്ള നടപടിയാണ് ജോലി തെറിയ്ക്കാൻ കാരണമായത്.
മന്ത്രി ഫ്രാൻസിസ്ക ഗിഫിയ്ക്ക് എതിരെ മുൻപ് ആരോപണം ഉയർന്നിരുന്നു. ഡോക്ടറേറ്റ് എടുക്കാൻ വളഞ്ഞവഴി തേടിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നു കണ്ടെത്തിയ ആശ്വാസത്തിലിയ്ക്കുന്പോഴാണ് ഭർത്താവിനെ കോടതി ശിക്ഷിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ