സ്വന്തം ലേഖകന്‍
കോഴിക്കോട്: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണത്തിനൊരുങ്ങുന്ന കസ്റ്റംസിനെതിരേ മന്ത്രിയുടെ സൈബര്‍ “അറ്റാക്ക്’. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തെ പരസ്യമായി സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചുകൊണ്ടാണ് മന്ത്രി കെ.ടി.ജലീല്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നുപേര്‍ക്കും ഡോളര്‍കടത്തില്‍ പങ്കുണ്ടെന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുള്‍പ്പെടെ കസ്റ്റംസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധന് ആനയെ തുമ്മിയ കഥയുമായി മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ കസ്റ്റംസിനെതിരേ ആഞ്ഞടിച്ചത്.
സിദ്ധൻ ആനയെ തുമ്മിയ കഥ
കസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍ വായിച്ചപ്പോള്‍ ഓര്മ വന്നത് വടകരയിലെ ഒരു സിദ്ധന് ആനയെ തുമ്മിയ കഥയാണ്. വാര്‍ത്ത കേട്ട് മലപ്പുറത്തെ ഒരു നാട്ടിന്പുറത്തുകാരന് കഥാനായകനായ മഹാനെ കാണാന്‍ വടകരയ്ക്ക് പുറപ്പെട്ടു. ഫറോക്കിലെത്തി കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞത് ആനയല്ല കറുത്ത ഒരു പോത്തിനെയാണ് സിദ്ധന് തുമ്മിയതെന്നാണ്.
കോഴിക്കോട്ടങ്ങാടിയിലെത്തി അന്വേഷിച്ചപ്പോള്‍ അവിടെ പറഞ്ഞുകേട്ടത് കറുത്ത ഒരു ആടിനെയാണ് ഉപ്പാപ്പ തുമ്മിയതെന്നാണ്. കാപ്പാട്ടെത്തി ചോദിച്ചപ്പോള്‍ സിദ്ധന് തുമ്മിയത് കറുത്ത ഒരു പൂച്ചയെയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
കൊയിലാണ്ടിയിലെത്തി റോഡുവക്കത്തെ മക്കാനിയില്‍ കയറി ചായകുടിച്ച് കാര്യമന്വേഷിച്ചപ്പോള്‍ അവിടെ കേട്ടത് ഒരു കറുത്ത എലിയെയാണ് സിദ്ധന് തുമ്മിയത് എന്നായിരുന്നു. പയ്യോളിയിലെത്തി റോഡില്‍ കൂടി നിന്നവരോട് വിവരം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞത് സിദ്ധന് തുമ്മിയപ്പോള്‍ തെറിച്ചത് കറുത്ത ഒരു ഈച്ചയാണെന്നാണ്.
ഏതായാലും അത്രയും യാത്ര ചെയ്തെത്തിയ സ്ഥിതിക്ക് ഉപ്പാപ്പാന്റെ വീട്ടിലെത്തി നിജസ്ഥിതി അറിയാന്‍ തന്നെ മലപ്പുറത്തുകാരന് കാക്ക തീരുമാനിച്ചു.
അവിടെച്ചെന്ന് കേട്ടതെല്ലാം പറഞ്ഞപ്പോള്‍ സിദ്ധന്റെ കയ്യാളായ മധ്യവയസ്കന് പറഞ്ഞത്, ഉപ്പാപ്പ തലേന്ന് രാത്രി ചോറ് കഴിച്ചുകൊണ്ടിരിക്കെ തുമ്മിയപ്പോള്‍ ചോറ്റിലുണ്ടായിരുന്ന ഒരു കറുത്ത വറ്റ് തെറിച്ച് വീണിരുന്നു എന്നാണ്.
സ്വർണമോ ഈന്തപ്പഴമോ അതോ ചുക്കോ?
ആദ്യം കസ്റ്റംസ് പറഞ്ഞു സ്വര്‍ണമാണ് കടത്തിയത് എന്ന്. പിന്നെപ്പറഞ്ഞു ഈന്തപ്പഴമാണ് കടത്തിയതെന്ന്. ഇലക്ഷന് അടുത്തപ്പോള്‍ പറയുന്നു കടത്തിയത് ഡോളറാണെന്ന്. ഇനി ഇലക്ഷന് ഫലം പുറത്തുവന്നാല്‍ കേള്‍ക്കാം സ്വര്‍ണവും ഡോളറുമൊന്നുമല്ല, കഷായത്തില്‍ ചേര്‍ക്കാനുള്ള ഒരു കഴഞ്ച് ചുക്കാണ് കടത്തിയതെന്ന്.
കാത്തിരിക്കാം ആ വാര്‍ത്തയ്ക്കായി’ എന്നായിരുന്നു പോസ്റ്റ്. കസ്റ്റംസ് സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെ എല്‍ഡിഎഫ് കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.
കസ്റ്റംസ് കമ്മീഷണറും രംഗത്ത്
ഇതിനിടെ സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് കസ്റ്റംസ് കമ്മീഷണറും രംഗത്തെത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നുമായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഈ പോസ്റ്റിന് ശേഷമാണ് മന്ത്രിയും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള കമ്മീഷണറാണ് സുമിത് കുമാർ. കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു.