തിരുവനന്തപുരം: നിയമസഭ കാണാതെ മന്ത്രിമാരാകുന്നത് എട്ടുപേർ. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ജയിച്ച എട്ടു പേരാണ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസഭാംഗങ്ങളായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്. 24നാകും ഇവർ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുക.
കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, അഹമ്മജ് ദേവർകോവിൽ എന്നിവരാണു ടീം പിണറായിയിലെ പുതുമുഖങ്ങൾ.
ഇതിൽ കെ.എൻ. ബാലഗോപാലും പി. രാജീവും നേരത്തേ രാജ്യസഭാംഗങ്ങളായിരുന്നു. സിപിഐയുടെ നാലു മന്ത്രിമാരിൽ മൂന്നു പേരും ആദ്യമായി നിയമസഭാംഗങ്ങളായവരാണ്. നിയമസഭാ സ്പീക്കറായെത്തുന്ന എം.ബി. രാജേഷും കേരള നിയമസഭയിൽ കന്നിക്കാരനാണ്.
നിയമസഭയിൽ ആദ്യമായെത്തി ഒരാൾ സ്പീക്കർ പദവിയിൽ എത്തുന്നതും ആദ്യ കേരള നിയമസഭ ഒഴിച്ചാൽ ഇതാദ്യമാണ്. നേരത്തേ രണ്ടു തവണ ലോക്സഭാംഗമായിരുന്നു എം.ബി. രാജേഷ്.
2006 ലെ വി.എസ്. അച്യുതാന്ദൻ സർക്കാരിലാണ് സമീപകാലത്ത് ആദ്യമായി നിയമസഭയിലെത്തിയ മൂന്നു പേർ മന്ത്രിമാരായത്.
അന്ന് സിപിഐയിലെ സി. ദിവാകരൻ, മുല്ലക്കര രത്നാകരൻ എന്നിവരും ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രനും നിയമസഭയിൽ പുതുമുഖങ്ങളായിരുന്നു.
ഇപ്പോഴത്തെ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം നാലു പേർ മാത്രമാണ് ഭരണപരിചയമുള്ളവർ. മുഖ്യമന്ത്രിയെ കൂടാതെ കെ. രാധാകൃഷ്ണൻ മാത്രമാണ് സിപിഎമ്മിൽ നിന്നു മുൻപ് മന്ത്രിയും സ്പീക്കറുമായിരുന്നത്.
ഘടകകക്ഷി മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവർ ഒന്നാം പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നു.
നായനാർ മന്ത്രിസഭയിൽ 14 മന്ത്രിമാർ, രണ്ടാം പിണറായി സർക്കാരിൽ 21 പേർ
ഇടതുപക്ഷ സർക്കാരുകളിൽ ഏറ്റവും ഉയർന്ന എണ്ണം മന്ത്രിമാരുമായാണ് രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരമേൽക്കുന്നത്.
കേരളത്തിലെ മന്ത്രിസഭാംഗങ്ങളുടെ പരമാവധി എണ്ണം നിയമസഭയുടെ അംഗസംഖ്യയുടെ 15 ശതമാനമായ 21 ആണ്. രണ്ടാം പിണറായി സർക്കാരിൽ പരമാവധി മന്ത്രിമാരായ 21 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് തുടങ്ങിയ കാബിനറ്റ് പദവകളും വീതിച്ചു നൽകി.
1996ലെ ഇ.കെ. നായനാർ മന്ത്രിസഭാംഗങ്ങളുടെ എണ്ണം 10 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു. അന്ന് 14 മന്ത്രിമാരാണുണ്ടായിരുന്നത്. ഒന്നാം പിണറായി സർക്കാരിൽ ആദ്യം 19 മന്ത്രിമാരുണ്ടായിരുന്നത്, പിന്നീട് 20 ആക്കി ഉയർത്തിയിരുന്നു.
വനിതാ മന്ത്രിമാരിൽ റിക്കാർഡ്
ഏറ്റവും കൂടുതൽ വനിതകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും ഇപ്പോഴത്തെ 23-ാം സംസ്ഥാന മന്ത്രിസഭയിലാണ്. മൂന്നു വനിതകളാണ് കാബിനറ്റിലുള്ളത്.
പ്രഫ. ആർ. ബിന്ദു, വീണാ ജോർജ്, ജെ. ചിഞ്ചുറാണി എന്നിവരാണിവർ. ഒന്നാം പിണറായി സർക്കാരിലും രണ്ടു വനിതാ അംഗങ്ങളുണ്ടായിരുന്നു.
ഇപ്പോൾ, മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് ഏറെ വിവാദമായ കെ.കെ. ശൈലജ, കുണ്ടറയിൽ പരാജയപ്പെട്ട ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് കഴിഞ്ഞ മന്ത്രിസഭയിലെ വനിതാ പ്രതിനിധികൾ.
മന്ത്രിസഭയിൽ തലമുറമാറ്റമുണ്ടായെന്നു സിപിഎമ്മും എൽഡിഎഫും അവകാശപ്പെടുന്പോഴും മധ്യവയസ് പിന്നിടാത്ത മൂന്നു പേർ മാത്രമാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരിലുള്ളത്. കെ. രാജൻ, മുഹമ്മദ് റിയാസ്, വീണാ ജോർജ് എന്നിവരാണ് 50 വയസിൽ താഴെയുള്ളവർ.
50നും 60നും ഇടയിലുള്ളവരാണ് ഏറ്റവും കൂടുതൽ. പത്തു പേർ. 60നും 70 നും ഇടയിൽ അഞ്ച്. 70നു മുകളിൽ പ്രായമുള്ളവർ മൂന്നു പേരുമുണ്ട്. ഏറ്റവും കൂടുതൽ പ്രായമുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണ്-77.
കെ. ഇന്ദ്രജിത്ത്