തൃശൂർ: വയനാട്ടിൽ ദുരന്തബാധിതരുടെ പ്രശ്നങ്ങളിൽ അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ.രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്.
ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. എൽസ്റ്റോണ് എസ്റ്റേറ്റിൽ ഇവർക്ക് സ്ഥലം നൽകും. 1000 സ്ക്വയർ ഫീറ്റിൽ വീട് വെച്ച് നൽകും. 12 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. ദുരന്തബാധിതരിൽ 2,188 പേർക്കുള്ള ദിനബത്തയും ദുരന്തബാധിതർക്കുള്ള ചികിത്സയും ഉറപ്പാക്കും.
സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ ബില്ല് ഡിഎംഒക്ക് സമർപ്പിക്കണം. ഡിഎംഒ തുക അനുവദിക്കും. എട്ട് പ്രധാന റോഡുകൾ, നാല് പാലങ്ങൾ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാൻ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങൾക്ക് ജീവനോപാധി ഒരുക്കും-മന്ത്രി പറഞ്ഞു.
അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തിൽ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യപരമായ പ്രതിഷേധവും എതിർപ്പും ആർക്കും ഉന്നയിക്കാം. ദുരന്തത്തിനിരയായവരുടെ മനസിൽ ആശങ്ക ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രകോപനത്തിലേക്ക് ആരും പോകരുത്. ഡിഡിഎംഎയാണ് വീടുകളുമായി ബന്ധപ്പെട്ട പട്ടിക തയാറാക്കുന്നത്. സർക്കാർ അതിൽ ഇടപെടില്ല. ഇനിയും പരാതികളുണ്ടെങ്കിൽ സർക്കാർ പട്ടികയിൽ ഇടപെടാം.
ഒന്ന് രണ്ട് പട്ടികയിൽ പേരുള്ളവരെ പൂർണമായും ഒരുമിച്ചായിരിക്കും പുനരധിവസിപ്പിക്കുക. 300 രൂപയുടെ ദിനബത്ത, 1000 രൂപയുടെ മാസക്കൂപ്പണ് എന്നിവ നൽകും. 1000 സ്ക്വയർ ഫീറ്റ് വീട് ആയിരിക്കും നിർമ്മിക്കുക. രണ്ടു നില നിർമിക്കാൻ ആവശ്യമായ ഉറപ്പുള്ള അടിത്തറ ഉണ്ടാകും.
ഒരു വീടിന് 30 ലക്ഷവും ജിഎസ്ടിയുമാണ് നിർമാണ ഏജൻസി നൽകിയ കണക്ക്. 20 ലക്ഷം സ്പോണ്സർ നൽകിയാൽ ബാക്കി തുക മെറ്റീരിയലായും അല്ലാതെയും കണ്ടെത്തും. നോ ഗോ സോണിൽ അവശേഷിക്കുന്ന വീടുകളുടെ അവശിഷ്ടങ്ങൾ പൊളിച്ചുകളയാൻ നടപടിയെടുക്കും.അവിടെ കൃഷിയും മറ്റും ചെയ്യാൻ ഉടമസ്ഥർക്ക് അവകാശമുണ്ടെന്നും മന്ത്രി അറിയിച്ചു.