സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ വീണ്ടും മന്ത്രിയുടെ വിദേശയാത്ര. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഊഴമാണ് ഇത്തവണ. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലെ കോളജുകളിലേക്ക് ആകര്‍ഷിക്കാനാണ് മന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഫോണ്‍ബില്ലടയ്ക്കാനും കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനും പോലും പണമില്ലാതെ സര്‍ക്കാര്‍ വലയുമ്പോഴാണ് മന്ത്രി കെ.ടി ജലീല്‍. വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി, സാങ്കേതിക സര്‍വകലാശാല പ്രോ വിസി, അസാപ്പ് പ്രതിനിധി, ഐഎസിടിഇ ഡയറക്ടര്‍ എന്നിവര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് മാലദ്വീപിലേക്ക് പോകുന്നത്.
വിമാനയാത്ര, താമസം, മാലയിലെ യാത്രാ സൗകര്യം, ഫോണ്‍ , നെറ്റ് എന്നിവക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഹോട്ടല്‍താമസത്തിനുള്ള ചെലവ് സര്‍ക്കാര്‍ നല്കുമ്പോള്, കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സര്‍വകലാശാല, അസാപ്പ്, ഐഎസിടിഇ എന്നിവര്‍ നല്‍കും. മാലദ്വീപിലെ ഇന്ത്യന്‍ എംബസിയ്ക്കു ചെലവാകുന്ന തുക സര്‍ക്കാര്‍ നല്‍കും.
കൂടാതെ വിദേശ സന്ദര്‍ശനത്തിന് പ്രതിദിനം 60 അമേരിക്കന്‍ ഡോളര്‍ അലവന്‍സും നല്‍കും. കേരളത്തിലെ എന്‍ജിനീയറിംഗ്,ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് മാലദ്വീപില്‍ നിന്ന് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് സന്ദര്‍ശനം. വിദേശ വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടെങ്കിലും വളരെക്കുറച്ച് പേര്‍മാത്രമാണ് പഠിക്കാനായി എത്തുന്നത്. വിദേശ വിദ്യാര്‍ഥികളെ കിട്ടിയാല്‍ കോളജുകളുടെ റാങ്കിംഗ് ഉയരാന്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ഇതുമാത്രമല്ല, ഇതുവഴി അയല്‍പ്പക്കമായ മാലദ്വീപുമായുള്ള ബന്ധം ദൃഢമാക്കാനും സന്ദര്‍ശനം സഹായിക്കുമെന്നാണ് അവകാശവാദം. മാലദ്വീപില്‍ നിന്നുള്ള വിദ്യര്‍ഥികളെ കേരളത്തിലേക്ക് ക്ഷണിക്കുന്നതിനെ മുമ്പ് പലരും വിമര്‍ശിച്ചിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കയെത്തുടര്‍ന്നായിരുന്നു ആ വിമര്‍ശനങ്ങള്‍. മന്ത്രിമാരുടെ വിദേശയാത്രയെ ഹൈക്കോടതി വരെ വിമര്‍ശിച്ചെങ്കിലും ഇതിനെയൊന്നും ഗൗനിക്കാതെ മുമ്പോട്ടു പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍.