മന്ത്രി കൈപ്പത്തിയില്‍ ചുംബിച്ചു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ; മന്ത്രിയാരെന്ന ചര്‍ച്ച പുരോഗമിക്കുന്നതിങ്ങനെ…

തിരുവനന്തപുരം:ഒരു മന്ത്രി തന്റെ കൈപ്പത്തിയില്‍ ബലമായി ചുംബിച്ചെന്ന് മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. ഫയല്‍ കാണിക്കാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്നും ഇവര്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മന്ത്രി ആരെന്നു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് അവര്‍ പുതിയ പോസ്റ്റില്‍ വ്യക്തമാക്കി.

അവരുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…”കുറെക്കാലം മുന്‍പ്. അടിയന്തര സ്വഭാവമുള്ള ഒരു ഫയലുമായി സെക്രട്ടേറിയറ്റില്‍ മന്ത്രിയെ കാണാന്‍ ചെന്ന വൈകുന്നേരം. ഫയല്‍ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു. ഒരു നിമിഷം ഞെട്ടുകയും ഒരു ആഴക്കടലില്‍ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല.

ഒരു നിര്‍ദോഷ ഫലിതമെന്ന ഭാവേന പെട്ടെന്നു രംഗമൊഴിയുകയാണ് ബുദ്ധി എന്നു തോന്നി. ചെറുപ്പക്കാരിയായ വിധവയാണ് ഞാന്‍. ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതായാല്‍ വാദി പ്രതിയായി മാറും. എന്റെ ചെറിയ രണ്ട് പെണ്‍മക്കള്‍ സങ്കടപ്പെടും .എന്റെ ബാഗില്‍ വെറ്റ് വൈപ്‌സും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യാന്‍ സാനിറ്റൈസറും ഉണ്ടല്ലോ. അതിലൊന്നെടുത്തു കൈ തുടച്ചു നീരസം പ്രകടമാക്കിത്തന്നെ ഞാനിറങ്ങിപ്പോന്നു. പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ല.”

ഈ പോസ്റ്റ് വൈറലായതിനു പിന്നാലെ ആരാണ് മന്ത്രി എന്ന് ചോദിച്ച് കമന്റുകള്‍ ഏറിവന്ന സാഹചര്യത്തിലാണ് ഇവര്‍ രണ്ടാമത്തെ പോസ്റ്റിട്ടത്.ഈ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു…”ഏത് മന്ത്രി? ഏത് കാലയളവ്? ചാനല്‍ സുഹൃത്തുക്കള്‍ ഇടതടവില്ലാതെ ചോദിച്ചു കൊണ്ടേയിരിക്കുന്നു. അതാരുമായി കൊള്ളട്ടെ. സാനിറ്ററൈസറിന്റെ ഒരു തുള്ളിയില്‍ അവസാനിക്കുന്ന പ്രാധാന്യമേ അന്നും ഞാനതിനു കൊടുത്തിരുന്നുള്ളൂ. 2001 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലേക്ക് ഞാന്‍ ഒരു ചൂണ്ടുപലക വച്ചാല്‍ ആരിലൊക്കെ തപ്പിത്തടഞ്ഞു നിങ്ങള്‍ ചെന്നു നില്‍ക്കും. സര്‍വീസ് കാലത്തെ നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ കുത്തൊഴുക്കില്‍ ചിലതൊക്കെ നമ്മള്‍ അവഗണിക്കും.

ചിലതു പില്‍ക്കാല അയവിറക്കലുകളുടെ പട്ടികയിലൊതുക്കും. ഏതെങ്കിലും ഒരു വ്യക്തിയെ വിവാദത്തിലേക്കു തള്ളിയിടുക എന്റെ ലക്ഷ്യമല്ല. മാന്യത വിട്ടു പെരുമാറുന്ന പുരുഷന്‍ മന്ത്രിയാവട്ടെ, സാധാരണക്കാരനാവട്ടെ ,അയാളുടെ പിന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ നിസഹായതയ്ക്കും കണ്ണീരിനും വലിയ വില കല്‍പിക്കുന്ന ഒരു മനസ്സ് എനിക്കുണ്ടെന്നു മാത്രം കരുതുക. അവിടെ രാഷ്ട്രീയാന്ധതയില്ല.

തത്വശാസ്ത്രങ്ങളില്ല. പകപോക്കലുകളില്ല. ചവിട്ടിക്കൂട്ടലുകള്‍ ഇല്ലേ ഇല്ല. നിങ്ങള്‍ക്കു നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളുമായി മുന്നോട്ടുപോകാം. ഉത്തരം എന്റെ ഉള്ളിലുണ്ട്.”എന്തായാലും പോസ്റ്റ് വന്നതിനു പിന്നാലെ ആരാണ് മന്ത്രിയെന്നാലോചിച്ച് തലപുകയ്ക്കുകയാണ് ആളുകള്‍. പല പേരുകളും കമന്റ് ബോക്‌സില്‍ വരുന്നുണ്ട്.

 

Related posts