കോട്ടയം: ഇടുക്കിയുടെ ജനപ്രതിനിധിയും മന്ത്രിയുമാണെങ്കിലും റോഷി അഗസ്റ്റിൻ കോട്ടയത്തിന്റെ സ്വന്തം മന്ത്രികൂടിയാണ്. റോഷിയുടെ രാഷ്ട്രീയ കളരി പാലായും കോട്ടയവുമാണ്.
ജനങ്ങളുമായി ഏറ്റവും സന്പർക്കമുള്ള ജലവിഭവ വകുപ്പിന്റെ ചുമതല നിർവഹിക്കുന്ന റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പിനെ കൂടുതൽ ജനോപകാര പ്രദമാക്കുന്നതിനുള്ള നിരവധി പദ്ധതികളാണു മനസിലുള്ളത്. ഇന്നലെ പാലാ ചക്കാന്പുഴ വീട്ടിലെത്തിയ റോഷി അഗസ്റ്റിൻ ദീപികയോട് മനസു തുറന്നപ്പോൾ…
കുടിവെള്ളക്ഷാമം പരിഹരിക്കും
വികസന കാര്യത്തിൽ വളരെയധികം പുരോഗതി വന്നെങ്കിലും കുടിവെള്ളക്ഷാമം പലഗ്രാമങ്ങളിലും ഇപ്പോഴും രൂക്ഷമാണ്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതോടൊപ്പം മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്യും.
വെള്ളപ്പൊക്കം തടയാൻ പദ്ധതി
ശക്തമായ മഴ പെയ്താൽ പാലാ, കോട്ടയം, കുമരകം പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. നദികളുടെ ആഴം കൂട്ടി മാലിന്യവും മറ്റും നീക്കം ചെയ്തു വെള്ളപ്പൊക്കം തടയാനുള്ള പദ്ധതികൾക്ക് രൂപം നൽകും. പടിഞ്ഞാറൻ മേഖലയിൽ നദികളിൽ പോളശല്യം രൂക്ഷമാണ്. ഇതിനു പരിഹാരം കണ്ടെത്താൻ നടപടിയുണ്ടാകും.
കാലവർഷക്കാലത്തു പെയ്തിറങ്ങുന്ന മഴവെള്ളം സംഭരിച്ച് വേനൽക്കാലത്ത് ഉപയോഗിക്കുന്നതിനായി സമഗ്രമായ പ്രോജക്ട് തയാറാകും. ആവശ്യമുള്ള സ്ഥലങ്ങളിൽ ചെക്ക് ഡാമുകൾ സ്ഥാപിച്ച് ജലം സംഭരിക്കും. മഴവെള്ളം പാഴാകാതിരിക്കാൻ മഴക്കൊയ്ത്ത് എന്ന പേരിൽ പദ്ധതി നടപ്പാക്കും
ന്യായ വിലയിൽ കുടിവെള്ളം
ഇപ്പോൾ ലഭിക്കുന്ന കുപ്പിവെള്ളത്തിന് അമിത വിലയാണു പലയിടത്തും. ക്വാളിറ്റിയിലും പലരും സംശയം പറയുന്നു. ന്യായ വിലയിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ സംവിധാനം ഒരുക്കും. കർഷകർക്ക് കൃഷിക്കാവശ്യമായ ജലം ഉറപ്പുവരുത്താനും നടപടിയുണ്ടാകും.
മീനച്ചിൽ റിവർവാലി പദ്ധതി പരിഗണനയിൽ
വേനൽക്കാലത്തും മീനച്ചിലാറ്റിൽ ജലലഭ്യത ഉറപ്പുവരുത്തുന്ന മീനച്ചിൽ റിവർവാലി പദ്ധതിയുടെ പ്രോജക്ട് എപ്പോഴും ബജറ്റിൽ പറയുന്നതാണ്. ഇതിനു തുടർ നടപടികളൊന്നുമായിട്ടില്ല. ആവശ്യമായ പഠനം നടത്തി പദ്ധതി നടപ്പാക്കാൻ ശ്രമിക്കും.
വികസനകാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട്: മന്ത്രി വാസവൻ
കോട്ടയം: അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ജില്ലയ്ക്കു സ്വന്തമായ ഒരു മന്ത്രിയെ ലഭിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിലെ സഹകരണ മന്ത്രിയും ഏറ്റുമാനൂർ എംഎൽഎയുമായ വി.എൻ. വാസവന് ജില്ലയുടെ വികസന കാര്യത്തിൽ വലിയ കാഴ്ചപ്പാടാണുള്ളത്.
സിയാൽ മോഡൽ റബർ കന്പനി, മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയർത്തുക, കുമരകം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ ടൂറിസം വികസനം, റബർ കർഷകർക്കു സഹായം, ഏറ്റുമാനൂരിലെയും കോട്ടയത്തേയും രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം തുടങ്ങി ഒട്ടേറെ വികസന പദ്ധതികളാണ് മന്ത്രി വി.എൻ. വാസവന്റെ മനസിലുള്ളത്. സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ദീപികയോടു മനസു തുറന്നപ്പോൾ…
മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലെത്തിക്കും
മധ്യകേരളത്തിലെ പ്രമുഖ ആശുപത്രിയായ കോട്ടയം മെഡിക്കൽ കോളജിനെ എയിംസ് മാതൃകയിലുള്ള ഒരു ആശുപത്രിയായി ഉയർത്തും. ഇതിനായി പുതിയ ഡിപ്പാർട്ടുമെന്റുകളും സൂപ്പർ സ്പെഷാലിറ്റി സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഉറപ്പാക്കും. കോവിഡ് ചികിത്സയ്ക്കു പ്രത്യേക സൗകര്യം ഒരുക്കും.
സാക്രമിക രോഗങ്ങളുടെ ചികിത്സയും പഠനവും നടത്തുന്നതിനുള്ള എപ്പിഡെമിക് കേന്ദ്രം ആശുപത്രിയിൽ ആരംഭിക്കും. ആശുപത്രിയോടനുബന്ധിച്ചു തിരുവനന്തപുരം ആർസിസി മാതൃകയിൽ മിനി റീജണൽ കാൻസർ സെന്റർ സ്ഥാപിക്കും. കുട്ടികളുടെ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലേക്കു മാറ്റി എസ്എടി മാതൃകയിൽ കുട്ടികളുടെയും അമ്മമാരുടെയും ചികിത്സാ കേന്ദ്രമാക്കും.
എംജി യൂണിവേഴ്സിറ്റിയെ അന്താരാഷ്ട്ര നിലവാരത്തിലാക്കും
കോട്ടയം ജില്ലയെ വിദ്യാഭ്യാസത്തിന്റെ ഒരു ഹബ്ബായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി എംജി യൂണിവേഴ്സിറ്റിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. മാന്നാനം കേന്ദ്രമായി ചാവറയച്ചന്റെ പേരിൽ ഒരു മ്യൂസിയവും പഠനകേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.
ലോകത്തെ കുമരകത്തെത്തിക്കും
കോവിഡ് വ്യാപനം കുറഞ്ഞാൽ വിനോദസഞ്ചാരമേഖലയിലേക്ക് ആളുകൾ എത്തും. ലോക സഞ്ചാരികളെ കുമരകത്ത് എത്തിക്കുന്നതിനായി വിപുലമായ പാക്കേജുകൾ കൊണ്ടുവരും. ഇതിനായി അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തും.
ഏറ്റുമാനൂരിലെ കുരുക്കഴിക്കും
രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഏറ്റുമാനൂരിൽ കുരുക്കഴിക്കാനുള്ള നടപടികളെടുക്കും. ഫ്ളൈ ഓവർ ഉൾപ്പെടെയുള്ളവ വേണ്ട ആലോചന നടത്തി നടപ്പാക്കും. പാറേക്കണ്ടം മുതൽ പട്ടിത്താനം വരെയുളള ബൈപാസിന്റെ പൂർത്തീകരണം വേഗത്തിലാക്കും. അതിരന്പുഴ, നീണ്ടൂർ, ആർപ്പൂക്കര തുടങ്ങിയ ചെറുപട്ടണങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തി വികസനം ഉറപ്പാക്കും. കുമരകം മേഖലയിലെ വെള്ളപ്പൊക്ക ദുരിതത്തിനു പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തും.
റബർ, നെൽ കർഷകർക്ക് സഹായം
കഴിഞ്ഞ സർക്കാർ റബറിനു താങ്ങുവില പ്രഖ്യാപിച്ചിരുന്നു. കിലോ ഗ്രാമിനു 250 രൂപ അടിസ്ഥാനമാക്കി വിലസ്ഥിരതാ ഫണ്ട് നൽകുവാൻ നടപടിയെടുക്കും. ടാപ്പിംഗ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സജീവ പരിഗണനയിലാണ്. സിയാൽ മോഡൽ റബർ കന്പനിയുടെ നടത്തിപ്പ് വേഗത്തിലാക്കും. അപ്പർ കുട്ടനാടാണ് ജില്ലയുടെ നെല്ലറ. നെല്ലു സംഭരണമാണ് കർഷകർ നേരിടുന്ന പ്രധാനപ്രശ്നം. സപ്ലൈകോയുടെ നെല്ലു സംഭരണം നടന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ പണം ലഭിക്കുന്നതിനുള്ള നടപടിയെടുക്കും.
അക്ഷരമ്യൂസിയം യാഥാർഥ്യമാക്കും
അക്ഷരനഗരത്തിനു വേറിട്ട മുഖം നൽകുന്ന സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നാട്ടകത്തെ അക്ഷരമ്യൂസിയം എത്രയും വേഗം യാഥാർഥ്യമാക്കും. കോട്ടയം ടെക്സ്റ്റയിൽസിന്റെ വേദഗിരി സ്പിന്നിംഗ് മിൽ തുറന്നുപ്രവർത്തിക്കാൻ നടപടിയുണ്ടാകും.
ഏറ്റുമാനൂരിൽ എംഎൽഎ ഓഫീസ്
മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും 24 മണിക്കൂറും ബന്ധപ്പെടാവുന്ന രീതിയിൽ ഏറ്റുമാനൂരിൽ എംഎൽഎ ഓഫീസ് ഉടൻ തുടങ്ങും. മണ്ഡലത്തിന്റെ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു ശിൽപശാലയും ഉടൻ നടത്തും. ശില്പശാലയിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിക്കും വികസനപ്രവർത്തനങ്ങൾ.