എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈൻ പൊട്ടി സ്ഥിരമായി ചോർച്ച നടക്കുന്ന കേളമംഗലത്ത് ജലവിഭവമന്ത്രി സന്ദർശനം നടത്തി. ഇന്നലെ രാത്രി എട്ടിനായിരുന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചത്. കുട്ടനാട്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിടെയാണ് മന്ത്രി കേളമംഗലത്ത് എത്തിയത്.
പൊതുമരാമത്തിന്റെ അനുമതി വൈകിയതാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈൻ ചോർച്ച പരിഹരിക്കാനുള്ള നടപടി വൈകിയതെന്നാണ് ജലഅഥോറിറ്റി അധികൃതർ പറയുന്നത്. അന്പലപ്പുഴ-എടത്വ സംസ്ഥാന പാതയിൽ ജംഗ്ഷനിൽ ഒരു മാസത്തോളമായി പൊട്ടിക്കിടന്ന പൈപ്പുലൈൻ ചോർച്ചയാണ് പൊതുമരാമത്തിന്റെ അനുമതി വൈകിയതുമൂലം തടസപ്പെട്ട് കിടന്നത്.
കഴിഞ്ഞ 15ന് റോഡ് കുഴിക്കാൻ അനുമതി തേടി ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പ്രോജക്ട് എൻജിനിയർ പൊതുമരാമത്തിനെ സമീപിച്ചിരുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് അനുമതി നൽകിയത്. അനുമതി ലഭിച്ച ഉടൻ തന്നെ അഥോറിറ്റി ഉദ്യോഗസ്ഥർ പണി ആരംഭിക്കുകയായിരുന്നു.
സ്ഥിരമായി പൈപ്പുലൈൻ ചോർച്ച അനുഭവപ്പെടുന്ന കേളമംഗലം ജംഗ്ഷൻ മുതൽ കേളമംഗലം പാലം വരെയും, തകഴി ഫെഡറൽ ബാങ്ക് – റെയിൽവേ ക്രോസ് റോഡിലും നിലവിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പൈപ്പ് മാറ്റി ഇരുന്പ് പൈപ്പ് സ്ഥാപിക്കാനാണ് ജല അഥോറിറ്റിയുടെ തീരുമാനം. ഇതിന്റെ അനുമതികൂടി ലഭ്യമാക്കാനാണ് മന്ത്രിയെ സ്ഥലത്ത് എത്തിച്ചത.്