തൃശൂർ: സംസ്ഥാനത്തു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ അഞ്ചു ലക്ഷം വീടുകൾ നിർമിച്ചുനല്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ. പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വീട്ടിൽ സ്ഥലപരിമിതിമൂലം രണ്ടോ മൂന്നോ റേഷൻകാർഡുമായി കഴിയുന്ന ഗുണഭോക്താക്കളുണ്ടാകാം. അവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 4600 തസ്തികകൾ സൃഷ്ടിക്കും. ഇതിലൂടെ 6000 കോടി രൂപ മുതൽമുടക്കി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. തുളസി അധ്യക്ഷയായി. യൂ ട്യൂബ് ചാനലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കില തയാറാക്കിയ അതിജീവനത്തിന്റെ അനുഭവ പാഠങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. പി.കെ. ബിജു എംപി നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ്സ് ചേംബർ പ്രസിഡന്റ് വി.കെ. മധു ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ലോക്കൽ ഗവ. കമ്മീഷൻ ചെയർമാൻ സി.പി. വിനോദ്, ജില്ലാ കളക്ടർ ടി.വി. അനുപമ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. പി. വിശ്വംഭര പണിക്കർ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി പി.എസ്. വിനയൻ തുടങ്ങിയവർ സംസാരിച്ചു.