തിരുവനന്തപുരം: ഉദ്യോഗസ്ഥർക്കെതിരേ ആരോപണം വന്നാൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കുന്നത് ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ് വഴക്കം മന്ത്രി പി.രാജീവ്. പാർട്ടിവിരുദ്ധതയുടെ ആയുധം എന്ന തലക്കെട്ടിൽ സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എഡിജിപി എം.ആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിനെ ന്യായീകരിക്കുന്ന പരാമർശമുള്ളത്.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശനമായ നടപടി എടുക്കുമെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.ആർഎസ്എസ് നേതാക്കളുമായി എഡിജിപി അജിത്കുമാറിന്റെ കൂടിക്കാഴ്ച സർക്കാർ അന്വേഷണവിധേയമാക്കിയിരുന്നു.
തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണവും നടന്നു. റിപ്പോർട്ടിന്റഎ പരിശോധനയും തടർനടപടികളും നടന്നുവരികയാണ്. രാഷ്ട്രീയകാര്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മന്ത്രി പി.രാജീവ് ലേഖനത്തിൽ പറയുന്നു.
പി.വി.അൻവറിനെയും ലേഖനത്തിൽ വിമർശിക്കുന്നു. ഒരു പരാതി ലഭിക്കുമ്പോൾ സാധാരണയായി ചെയ്യേണ്ട കാര്യങ്ങളല്ല അൻവർ ചെയ്തത്. എല്ലാം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയശേഷമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം പരാതി നൽകുന്നതും അതിന്റെ കോപ്പി പാർട്ടിസെക്രട്ടറിക്ക് നൽകുന്നതും.
ഈ രീതിയിലെ പാർട്ടിവിരുദ്ധത പരിഗണിക്കാതെ തന്നെ ഉന്നയിച്ച പ്രശ്നങ്ങളിൽ അന്വേഷണം തീരുമാനിക്കുകയാണ് സർക്കാർ ചെയ്തത്. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനും സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്നതിനും നടത്തുന്ന ആസൂത്രിതപദ്ധതിയുടെ ഉപകരണമായി പി.വി.അൻവർ മാറിയെന്നും മന്ത്രി പി.രാജീവ് ലേഖനത്തിൽ പറയുന്നു.