തിരുവല്ല നഗരസഭയിലെ ഒമ്പത് ജീവനക്കാര്‍ തങ്ങളുടെ സര്‍ഗാത്മകതയെ ഒന്നു പൊലിപ്പിക്കാന്‍ ശ്രമിച്ചത് നാട്ടില്‍ സജീവ ചര്‍ച്ചയായതിനു പിന്നാലെ ഇതേ താളം ഏറ്റെടുത്ത് വീണ്ടും റീല്‍സുകള്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കുന്ന റീല്‍സ് തന്നെയാണ് നഗരസഭ വനക്കാരുടേതായി പുറത്തുവന്നത്.
“താഴ് വാരങ്ങള്‍ പാടുന്പോൾ…ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു ….” എന്ന പാട്ടിനൊപ്പം താളംപിടിച്ച് ചുവടുവച്ച് ഓഫീസ് ജോലികള്‍ ചെയ്യുന്ന തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ പകര്‍ത്തിയ റീല്‍സിന് സമൂഹമാധ്യമങ്ങളില്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടു വന്‍പ്രതികരണമാണ് ലഭിച്ചത്. വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയല്‍ കൈമാറുന്ന ചിത്രങ്ങളാണ് റീലില്‍ ഉള്ളത്.
ഓഫീസിലെ ജീവനക്കാരുടെ കൈയിലൂടെ ഫയല്‍ കൈമാറി പാട്ടിന്റെ വരികള്‍ക്കനുസരിച്ച് ഓഫീസിന്റെ ഓരോ ഭാഗത്തെയും ജീവനക്കാര്‍ താളംപിടിച്ച് പാട്ടുപാടി വീഡിയോയുടെ ഭാഗമാകുന്ന ദൃശ്യം പകര്‍ത്തുന്ന സമയത്ത് ഓഫീസില്‍ ആള്‍ത്തിരക്കുമില്ല.
ഇതേ ചുവടിലും താളത്തിലുമൊക്കെ പോലീസുകാരുടേതായി ഒരു റീല്‍ സമൂഹമാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. ഏതു പോലീസ് സ്റ്റേഷനാണെന്നു വ്യക്തമല്ലെങ്കിലും ചിത്രീകരിച്ച സമയം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
നഗരസഭയിലെ ജീവനക്കാരുടെ റീല്‍സ് വിവാദമായതിനു പിന്നാലെ നഗരസഭ സെക്രട്ടറി വിശദീകരണം തേടിയിരുന്നെങ്കിലും അതിനെ ഒരു സര്‍ഗാത്മക പ്രവര്‍ത്തനമായി കണ്ടു തുടര്‍നടപടി വേണ്ടെന്ന തീരുമാനത്തിലാണ് തദ്ദേശമന്ത്രി എം.ബി. രാജേഷ്.
ചിത്രീകരണം നടന്നത് ഞായറാഴ്ചയാണെന്നു വ്യക്തമാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അടിയന്തരഘട്ടത്തില്‍ അധികജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിക്കുകയാണ്. ഇതിനിടയിലെ ഒരു സര്‍ഗാത്മ പ്രവര്‍ത്തനമായി റീല്‍സിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.