പൊന്‍കുന്നം: പാലാപ്പള്ളി… തിരുപ്പള്ളി… എന്ന ഗാനത്തിനു ചുവടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവും. ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തില്‍ എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷി, വയോജന ഗാനമേള ട്രൂപ്പായ മാജിക് വോയ്സിന്റെ ഉദ്ഘാടനവേദിയിലാണ് മന്ത്രി ഡോ. ആര്. ബിന്ദു ഗാനമേളാംഗങ്ങള്ക്കൊപ്പം താളംപിടിച്ചത്.
ഗാനമേള ട്രൂപ്പിലെ ഗായകര്‍ പാടിയ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന് ഇളങ്ങുളം തിരുഹൃദയഭവന്‍, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കൊപ്പം ചുവടു വച്ചശേഷമാണ് മന്ത്രി ട്രൂപ്പ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഗാനമേള ട്രൂപ്പ് രൂപീകൃതമായത്. പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ ഒരു വിനോദയാത്രയില്‍ ഇവരുടെ പാട്ടു കേട്ടതില്‍നിന്നാണ് ഗാനമേള സംഘമെന്ന ആശയം പിറന്നത്.
മാജിക് വോയ്സിന്റെ പിന്നണിയില്‍ ഭിന്നശേഷിക്കാരല്ലാത്ത, അതത് സംഗീതോപകരണങ്ങളില്‍ പ്രഗത്ഭരായ കലാകാരന്മാരെയാണ് അണിനിരത്തുന്നത്. ഗായകരായി ഏതാനും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളുമുണ്ട്.
പഞ്ചായത്തിന്റെ ഭിന്നശേഷി അംബാസഡറായ സുനീഷ് ജോസഫ്, ബിജു മാധവ്, സതീഷ്ചന്ദ്രന്, സിന്‍സി സെബാസ്റ്റ്യന്‍, ലിസമ്മ ജോസ്, ജോര്‍ളി ജോര്‍ജ്, സുരേന്ദ്രന്, രാജേഷ്, സുരേഷ്, ടോജോ, എം.ജി. മുരളീദാസ് എന്നിവരാണ് ഗായകര്‍. ദീപു, ജോയി (തബല), ഗോപാലകൃഷ്ണന്, ബാബു (ഗിറ്റാര്‍), ഗിരുകുമാര് (റിഥം), അജീഷ് (ഓര്‍ഗണ്‍), രാജുഭാസ്കര് (വയലിന്), മുരളി (കമ്പോസര്‍) എന്നിവരാണ് പിന്നണിയില്‍. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ചിന്തു ടി. കുട്ടപ്പന്, പിആര്‍ഒ അഭിലാഷ് പി.നായര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായിരുന്നു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എന്‍. ഗിരീഷ് കുമാര്‍, ജെസി ഷാജന്, ജോസ്മോന് മുണ്ടയ്ക്കല്‍, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി വില്‍സണ്‍, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗം ഫാ. റോയി മാത്യു വടക്കേല്‍, കാഞ്ഞിരപ്പള്ളി രൂപത പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.