മന്ത്രി പറ്റിച്ചേ… സുവോളജിക്കല്‍ പാര്‍ക്ക് അടുത്തൊന്നും തുടങ്ങില്ല; എംഎല്‍എയ്ക്കും മൗനം

K-RAJU-MINISTERസ്വന്തംലേഖകന്‍
തൃശൂര്‍: ഇത്തവണയെങ്കിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങുമെന്നു വിശ്വസിച്ചിരുന്ന തൃശൂര്‍ നിവാസികള്‍ വീണ്ടും നിരാശരായി. കഴിഞ്ഞ ജൂലൈ 26ന് സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് ആറു മാസത്തിനുള്ളല്‍ നിര്‍മാണം തുടങ്ങുമെന്ന് വനം, മൃഗസംരക്ഷണ മന്ത്രി കെ.രാജുവും മന്ത്രി വി.എസ്.സുനില്‍കുമാറും ഉറപ്പുനല്കിയിരുന്നു.

ഒല്ലൂര്‍ എംഎല്‍എ കെ.രാജന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാരുടെ ഈ പ്രഖ്യാപനം. മാസം അഞ്ചുകഴിഞ്ഞിട്ടും ഇതുവരെ ടെന്‍ഡര്‍ നടപടികള്‍ പോലും നടത്താന്‍ കഴിഞ്ഞില്ലെന്ന സത്യാവസ്ഥ പുറത്തുവന്നതോടെ മന്ത്രി രാജുവിന്റെ വാക്കും വെറുംവാക്കായി മാറുകയാണിപ്പോള്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരനക്കവും നടക്കാതായിട്ടും സ്ഥലം എംഎല്‍എ കൂടിയായ കെ.രാജന്‍ മൗനത്തിലാണ്. കൊട്ടിഘോഷിച്ച് മന്ത്രിയെ കൊണ്ടുവന്ന പ്രഖ്യാപനം നടത്തിയതു മാത്രം ബാക്കിയായി.

ഇതിനിടെ സ്‌പെഷല്‍ ഓഫീസറായിരുന്ന യേലാക്കി വിരമിച്ചതോടെ പ്രോജക്ട് നടപ്പാക്കാന്‍ മുന്‍പരിചയമുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാതായി. നിലവില്‍ വനം വകുപ്പിലെ ചീഫ് കണ്‍സര്‍വേറ്റര്‍ക്കാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. മുന്‍ പരിചയമുള്ള യേലാക്കിയെത്തന്നെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചില്ലെങ്കില്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം വേണ്ട രീതിയില്‍ നടക്കില്ലെന്നു പറയുന്നു.

പുത്തൂരിലെ നിര്‍ദ്ദിഷ്ട സ്ഥലത്തു സ്‌പെഷല്‍ ഓഫീസറുടെ ഓഫീസ് ഈ മാസംതന്നെ പ്രവര്‍ത്തനം ആരംഭിച്ചാലേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കൂ. എത്രയും വേഗം ടെന്‍ഡര്‍ വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ ജനുവരി അവസാനം പോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കില്ല. അടുത്ത മാസം അവസാനമെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തുക അനുവദിക്കാനും സാധിക്കില്ല.
അനുവദിച്ച തുക കൊണ്ട് പണികള്‍ തുടങ്ങിയെന്നു കാണിച്ചാലേ കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയൂ. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ കെ.രാജന്‍ എംഎല്‍എ പോലും നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെടുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കണമെന്നും സ്‌പെഷല്‍ ഓഫീസറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓഫ് സൂ സെക്രട്ടറി എം.പീതാംബരന്‍ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചിരിക്കയാണിപ്പോള്‍.

സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം, വന്യജീവി സംരക്ഷണം, ഗവേഷണം എന്നീകാര്യങ്ങളില്‍ അറിവും പ്രായോഗികപരിജ്ഞാനവുമുള്ള കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കണമെന്നും ഓസ്‌ട്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കോ ഉള്‍പ്പെടെയുള്ളവരുടെ സേവനം അഭ്യര്‍ത്ഥിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts