അടൂർ: ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റമാണ് കഴിഞ്ഞ മൂന്നു വർഷക്കാലയളവിൽ സംസ്ഥാനം കൈവരിച്ചതെന്ന് മന്ത്രി കെ. രാജു. കടന്പനാട് ഗ്രാമപഞ്ചായത്തിലെ നെല്ലിമുകളിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളും മികച്ചതാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു. വളരെ മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാക്കാൻ കുടുംബക്ഷേമ കേന്ദ്രങ്ങളിലൂടെ കഴിയുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. എട്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെ ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റി.
സംസ്ഥാനത്ത് 50,000 ക്ലാസ് മുറികളെ ഹൈടെക്കാക്കി. ഈവർഷം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും എൽപി, യുപി ക്ലാസ് മുറികളെ ഹൈടെക്കാക്കി മാറ്റും. ഗ്രാമപ്രദേശങ്ങളിൽ പോലും പാവപ്പെട്ടവരുടെ മക്കൾക്ക് ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വരൾച്ച, 2018 ലെ പ്രളയം, നിപ്പ രോഗബാധ, 2019ലെ പ്രളയം ഉൾപ്പെടെ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. വികസനപ്രവർത്തനത്തിൽ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കടന്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആർ. അജീഷ്കുമാർ, ജില്ലാ പഞ്ചായത്തംഗം റ്റി. മുരുകേഷ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, കടന്പനാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. സരസ്വതിയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ പി. ലീന, മോനി കുഞ്ഞുമോൻ, വാർഡ് മെന്പർ സതി, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുരേഷ് കുമാർ, മുൻ ബ്ലോക്ക് പഞ്ചായത്തംഗം സുജാത, മുൻ വാർഡ് മെന്പർ എൻ. ശ്രീധരൻ, ജി. കുട്ടപ്പൻ, കടന്പനാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ട്രീസാലിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.