കൊല്ലം: കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണാൻ വേണ്ട നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു. തൊഴിലാളികൾക്ക് തൊഴിലും കൂലിയും ഉറപ്പ് വരുത്തുന്ന വിധത്തിൽ പ്രശ്നപരിഹാരം നടത്തുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കശുവണ്ടി തൊഴിലാളി കൗൺസിൽ മുൻ ജനറൽ സെക്രട്ടറി കെ.സി.മോഹനന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിലെ മോദി സർക്കാർ പുതിയ ഉത്തരവുകളിലൂടെ തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങൾ പോലും കവർന്നെടുക്കുകയാണ്.
ഇഎസ്ഐ ചികിത്സയ്ക്ക് പുതിയ നിബന്ധന വയ്ക്കുന്നതിലൂടെ മാരക രോഗങ്ങൾക്ക് അടിമപ്പെടുന്ന തൊഴിലാളികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥ സംജാതമായിരിക്കയാണ്. പിഎഫ് പെൻഷന്റെ കാര്യത്തിലും തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ബി.അജയഘോഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.രാജു, ജി.ലാലു, എ.ബിജു, വിജയലക്ഷ്മി, എൻ.സോമരാജൻ, എം.റഹിം, എസ്.ഗോപിനാഥൻ നായർ, രാജു രാജൻ, കെ.ശശിധരൻ തുടങ്ങിവർ പ്രസംഗിച്ചു.