കോട്ടയം: ഇരട്ടമെഡലിന്റെ നക്ഷത്രത്തിളക്കമാണ് ഇത്തവണ മുണ്ടക്കയം അരിമറ്റം വയലിൽ വീട്ടിൽ. ഈ വീട്ടുമുറ്റത്ത് ഓടിക്കളിച്ചു വളർന്ന രണ്ടു സഹോദരൻമാരാണ് ഇക്കുറി മെഡലിന്റെ തിളക്കം വീട്ടുമുറ്റത്ത് എത്തിച്ചത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ എ.ജെ. തോമസും, ജയിൽ വകുപ്പിലെ സ്പെഷൽ ഓഫീസർ എ.ജെ. മാത്യുവുമാണ് അരിമറ്റം വയലിൽ വീട്ടിൽ മെഡലിന്റെ തിളക്കമെത്തിച്ച മിടുമിടുക്കൻമാരായ സഹോദരൻമാർ.
പുരസ്കാരങ്ങളും അവാർഡുകളും പുത്തരിയല്ലെങ്കിലും, ഇരുവരും പുരസ്കാര നേട്ടത്തിൽ ഒന്നിച്ചതോടെ അത് ഇരട്ടിമധുരമായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് കോഴിക്കോട്ട് ഡിഐജി ഓഫീസിലെ സ്പെഷൽ ഓഫീസറായ എ.ജെ. മാത്യുവിനെ ഇക്കുറി തേടിയെത്തിയിരിക്കുന്നത്. ജയിൽ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരുദ്യോഗസ്ഥനു രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കുന്നത്.
വിവിധയിടങ്ങളിൽ ജയിലുകൾ നിർമിക്കുന്നതിനു മുൻകൈ എടുത്തതും, ജയിൽ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്. 2006 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2012 ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. പാലക്കാട് ഒറ്റപ്പാലത്താണ് മാത്യു ഇപ്പോൾ താമസിക്കുന്നത്.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറായ സിഐ എ.ജെ. തോമസിന് ആദ്യമായാണ് മുഖ്യമന്ത്രിയുടെ മെഡൽ ലഭിക്കുന്നത്. സംസ്ഥാന പോലീസിൽ നടത്തിയ മികച്ച സേവനമാണ് ഇദ്ദേഹത്തെ മെഡലിന് അർഹനാക്കിയത്. വിദ്യാർഥികളെ ലഹരിയുടെ വലയിൽ നിന്നു മോചിപ്പിക്കുന്ന ഓപ്പറേഷൻ ഗുരുകുലം പദ്ധതിക്കു തുടക്കമിട്ടത് എ.ജെ. തോമസ് കോട്ടയം വെസ്റ്റ് സിഐ ആയിരിക്കെയാണ്.
പിന്നീട് പദ്ധതി സംസ്ഥാന തലത്തിലേക്കു വ്യാപിപ്പിക്കുകയും ചെയ്തു. നഗരത്തിൽ നടന്ന പത്ത് കൊലപാതകക്കേസുകൾക്കും നിരവധി മോഷണക്കേസുകൾക്കും തുന്പുണ്ടാക്കുകയും ചെയ്തത് എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. 2014 ലും 2015 ലും സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും നിരവധി ഗുഡ്സർവീസ് എൻട്രികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.