കോന്നി: കോന്നി മെഡിക്കൽ കോളജ് സന്ദർശനവുമായി ബന്ധപ്പെടുത്തി രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് മന്ത്രി കെ.കെ ശൈലജ. കോന്നി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ ഇപ്പോഴത്തെ സന്ദർശനമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതീകരിക്കുകയായിരുന്നു മന്ത്രി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിമൂന്നര വർഷം എത്തുന്പോഴാണ് ആദ്യഘട്ട നിർമാണം പൂർത്തിയാകുന്ന മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി ആദ്യമായി സന്ദർശനം നടത്തിയത്.
തെരഞ്ഞെടുപ്പുകൾ വരികയും പോകുകയും ചെയ്യും. ആര് തെരഞ്ഞെടുക്കപ്പെട്ടാലും വികസന കാര്യത്തിൽ സർക്കാർ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.മണ്ഡലത്തിൽ എംഎൽഎ ഇല്ലാത്ത സന്ദർഭം നോക്കിയല്ല ഇപ്പോൾ എത്തിയത്. അടൂർ പ്രകാശ് എംഎൽഎ ആയിരുന്നപ്പോൾ ക്ഷണിച്ചെങ്കിലും എത്താൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അസാനിധ്യം നോക്കിയല്ല വന്നത്. ഇനിയുള്ള പ്രധാന പരിപാടികളിൽ എംപിയായ അടൂർ പ്രകാശും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷമായി കോന്നി മെഡിക്കൽ കോളജ് യഥാർഥ്യമാക്കുന്നതിനുള്ള നിരന്തര ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാലയളവിൽ മുടങ്ങിക്കിടന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഇപ്പോൾ ആശുപത്രി കെട്ടിടവും അക്കാഡമിക് ബ്ലോക്കും യഥാർഥ്യമാകുകയാണ്. സ്ഥലത്തെത്തിയില്ലെങ്കിലും ആരോഗ്യമന്ത്രിയെന്ന നിലയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.വലിയ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് പദ്ധതി യാഥാർഥ്യമാകുന്നത്. പാറ നീക്കം ചെയ്യലായിരുന്നു പ്രധാന പ്രശ്നം. ഇതുവരെ ഒന്നേകാൽ ലക്ഷം ക്യൂബിക് ടണ്‍ പാറയാണ് നീക്കം ചെയ്തത്. ഇനിയും ഒന്നര ലക്ഷം ക്യൂബിക് ടണ്‍ പാറ കൂടി നീക്കം ചെയ്യാനുണ്ട്.
50 ഏക്കർ സ്ഥലത്താണ് നിർദ്ദിഷ്ട കോന്നി മെഡിക്കൽ കോളജ് നിർമാണം പൂർത്തിയാകുന്നത്. മെഡിക്കൽ കോളജിനെ സംബന്ധിച്ച് 50 ഏക്കർ കുറഞ്ഞ സ്ഥലമാണെങ്കിലും മലയോര മേഖല എന്ന നിലയിൽ ഈ സ്ഥലത്ത് മെഡിക്കൽ കോളജ് യഥാർഥ്യമാക്കുകയാണ് ലക്ഷ്യം. മലയോര മേഖലയിൽ മെഡിക്കൽ കോളജ് ആരംഭിക്കാൻ കഴിയുന്നത് അനുഗ്രഹമാണ്. ശബരിമല കൂടി സ്ഥിതി ചെയ്യുന്ന ജില്ലയെന്ന നിലയിൽ ഇവിടെ മെഡിക്കൽ കോളജ് വരുന്നത് ഉചിതമാണ്.
മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലെത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും മന്ത്രി പറഞ്ഞു.കോന്നി മണ്ഡലത്തിൽ പണികൾ പൂർത്തിയായ പദ്ധതികളാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്.തെരഞ്ഞെടുപ്പാണെന്നും കരുതി ഇതു മാറ്റിവയ്ക്കാനാകില്ല. മെഡിക്കൽ കോളജിന് മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിക്കണമെങ്കിൽ ഇനിഏറെ മുന്‍പോട്ടു പോകേണ്ടതുണ്ട്.
രണ്ടാം ഘട്ടത്തിലെ 415 കോടിയുടെ നിർമാണത്തിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതിക്ക് കിഫ്ബിയുടെ പ്രാഥമിക അംഗീകാരവും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് ആരംഭിക്കാൻ നിർദ്ദേശിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തെ വികസന കാര്യത്തിൽ സാന്പത്തികമായി സഹായിക്കാറില്ലെന്നും മന്ത്രി ശൈലജ കുറ്റപ്പെടുത്തി.