കണ്ണൂർ: ജില്ലാ ആശുപത്രിയിലെ നവീകരിച്ച മോർച്ചറിയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജില്ലാ ആശുപത്രിയിൽ കയറാതെ മടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കി.
രോഗികളും ആശുപത്രി ജീവനക്കാരും മന്ത്രിയെ കാത്തുനിന്നെങ്കിലും മോർച്ചറി ഉദ്ഘാടനത്തിനുശേഷം മന്ത്രി ധൃതിയിൽ മടങ്ങുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരുടെ പതിവായുള്ള മുങ്ങലും വാർഡുകളുടെ ശോച്യാവസ്ഥയും മന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുന്നതിനാണ് രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയെ കാത്തുനിന്നത്.
ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ആവശ്യങ്ങളും പരാതികളും മന്ത്രിയുമായി പങ്കുവയ്ക്കുന്നകാര്യവും ആഴ്ചകൾക്ക് മുന്പേ തീരുമാനിച്ചിരുന്നെങ്കിലും അതിനുള്ള അവസരവും ലഭിച്ചില്ല. മോർച്ചറി ഉദ്ഘാടനം ചെയ്ത് സൗകര്യങ്ങൾ വിലയിരുത്തിയ മന്ത്രി സമീപം ഒരുക്കിയ വേദിയിൽ 10 മിനിറ്റോളം പ്രസംഗിച്ചശേഷം മടങ്ങുകയായിരുന്നു.