പട്ടാപ്പകല്‍ പൊതുവഴിയരികില്‍ കാര്യം സാധിച്ചു! വീഡിയോയും ട്രോളുകളും സോഷ്യല്‍മീഡിയയില്‍ വൈറല്‍; ബിജെപി മന്ത്രി നല്‍കിയത് വിചിത്ര ന്യായീകരണം

മൂത്രശങ്ക വന്നാല്‍ മന്ത്രിയായാലും ഭിക്ഷക്കാരനായാലും മേലുംകീഴും നോക്കാന്‍ സാധിക്കില്ലെന്നത് ശരി തന്നെയാണ്. സമാനമായ രീതിയില്‍ മഹാരാഷ്ട്ര ജലവകുപ്പ് മന്ത്രിക്ക് പെട്ടെന്നുണ്ടായ മൂത്രശങ്കയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചൂടപ്പം പോലെ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. റോഡരികില്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് മന്ത്രി രാം ഷിന്‍ഡെ വിവാദത്തില്‍ പെട്ടിരിക്കുന്നത്.

‘സ്വച്ഛ ഭാരതം’ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വീമ്പിളക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ വെളിയിടത്തില്‍ മൂത്രമൊഴിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍ ഇത് മന്ത്രി നല്‍കിയ വിശദീകരണമാണ് അതിനേക്കാളുമൊക്കെ വിവാദവും വിചിത്രവുമായത്. തനിക്ക് പനിയായിരുന്നെന്നും പിടിച്ചുനിര്‍ത്താന്‍ കഴിയാതിരുന്നതിനാലാണ് റോഡരികില്‍ മൂത്രം ഒഴിച്ചതെന്നുമാണ് മന്ത്രി നല്‍കിയ വിശദീകരണം. സോലപുര്‍-ബര്‍ഷി റോഡിലാണ് സംഭവം.

കാറില്‍ സഞ്ചരിക്കുകയായിരുന്ന മന്ത്രി കാര്‍ നിര്‍ത്തി റോഡരുകില്‍ കാര്യം സാധിച്ചു. നാട്ടിലെ വിരുതന്മാര്‍ ഇത് ലൈവായി പിടിച്ച് നവമാധ്യമങ്ങളില്‍ വൈറലാക്കി. ഇത് വിവാദമായതോടെയാണ് മന്ത്രി നേരിട്ട് വിശദീകരണവുമായി എത്തിയത്. കഴിഞ്ഞ ഒരു മാസമായി ജല്‍യുക്ത ശിവാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കിട്ട യാത്രകളിലായിരുന്നു താന്‍. കടുത്ത ചൂടിലും പൊടിയിലുമുള്ള നിരന്തര യാത്രകള്‍ തന്നെ അസുഖബാധിതനാക്കി. പനി ബാധിച്ച അവസ്ഥയിലായിരുന്നു താന്‍.

യാത്രയ്ക്കിടെ മൂത്രമൊഴിക്കാന്‍ ശങ്ക തോന്നി. പൊതുശൗചാലയം റോഡില്‍ ഒരിടത്തും കാണാതെ വന്നതോടെയാണ് റോഡരികില്‍ മൂത്രമൊഴിക്കേണ്ടിവന്നത് എന്നും ഷിന്‍ഡെ പറയുന്നു. ഇതേത്തുടര്‍ന്ന്, മോദിയ്‌ക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും വന്‍ അധിക്ഷേപങ്ങളാണ് നടന്നുവരുന്നത്. ഹൈവേകളില്‍പ്പോലും ഒരു ശൗചാലയം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്താണ് സ്വച്ഛ് ഭാരത് എന്ന പേരില്‍ ബിജെപി നടത്തികൊണ്ടിരിക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

 

Related posts