പാർട്ടി വാർഷികാഘോഷങ്ങൾക്കായി ധനശേഖരണാർഥം പ്രവർത്തകരെല്ലാം രണ്ടു ദിവസം കൂലിപ്പണി ചെയ്യണമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിന്നാലെ അദ്ദേഹം വെള്ളിയും ശനിയും കൂലിപ്പണിക്ക് മുൻകൈയെടുത്തു. എന്നാൽ, അദ്ദേഹത്തിന്റെ മകനും തെലുങ്കാന ഐടി മന്ത്രിയുമായ കെ.ടി. രാമറാവു വാർത്തയിൽ ഇടംനേടിയത് കൂലിപ്പണി എടുത്തതുകൊണ്ടു മാത്രല്ല. ഐസ്ക്രീം പാർലറിൽ പണിയെടുത്ത അദ്ദേഹം ഒരു മണിക്കൂറിനുള്ളിൽ സ്ഥാപനത്തിനു നേടിക്കൊടുത്തത് 7.5 ലക്ഷം രൂപയുടെ കച്ചവടം.
ഹൈദരാബാദ്-നാഗ്പുർ ദേശീയപാതയിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം പാർലറിലാണ് രാമറാവു ജോലി ചെയ്തത്. സാധാരണ ഒരു മാസം മുഴുവൻ അധ്വാനിച്ചാൽ പോലും ലഭിക്കാത്ത വരുമാനമാണ് ഐസ്ക്രീം പാർലറിന് ഒരു ദിവസംകൊണ്ടു ലഭിച്ചത്.
കടയിലെ ജനത്തിരക്കാണ് ഈ നേട്ടത്തിനു പിന്നിൽ എന്നു കരുതാൻ വരട്ടെ, രാമറാവുവിന്റെ കസ്റ്റമേഴ്സ് വലിയ പണക്കാരായിരുന്നു. അതുകൊണ്ടുതന്നെ അഞ്ചു ലക്ഷം രൂപ അവിടെ ചെലവഴിച്ചിട്ടാണ് അവർ പോയത്. എന്നുകരുതി തെലുങ്കാനയിലെ ജനങ്ങൾ വലിയ പണക്കാരാണെന്നും പറയാൻ വയ്യ. എന്നാൽ, തെലുങ്കാനയിലെ രാഷ്ട്രീയക്കാർ രാജ്യത്തെ ഏറ്റവും വലിയ ധനികരിൽ പെടുന്നവരാണ്.