തൃശൂർ: ശാരീരികക്ഷമതയ്ക്കൊപ്പം മാനസികമായ “കരുത്ത്’ പകരുകയാണ് ആയോധനാ കലാപരിശീലനത്തിന്റെ ലക്ഷ്യമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ആയോധനകല പരിശീലന പദ്ധതിയായ കരുത്ത് ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിലും ഇടപെടാൻ സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ടെങ്കിലും അവർക്കെതിരെയുളള അതിക്രമങ്ങളും ഏറുന്നു. ചെറുപ്പം മുതൽ അരുത് എന്നുപറഞ്ഞ് പെണ്‍കുഞ്ഞുങ്ങളെ മാനസികമായി ദുർബലമാക്കുന്ന രീതിയാണ് നമ്മുടെ സാമൂഹ്യവ്യവസ്ഥയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു 100 സ്കൂളുകളിലും ജില്ലയിൽ മാത്രം ഏഴു സ്കൂളുകളിലുമാണ് കരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. കൊറിയൻ ആയോധന കലയായ തായ്ക്കോണ്ടോയിലാണ് മോഡൽ ഗേൾസിലെ കുട്ടികൾ പരിശീലനം നേടുന്നത്. തായ്ക്കോണ്ടോ പരിശീലകൻ അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് പരിശീലനം.
മേയർ അജിത ജയരാജൻ അധ്യക്ഷയായി. സംസ്ഥാന സ്കൂൾ മീറ്റിൽ വെയ്റ്റ് ലിഫ്റ്റിംഗിൽ വിജയം നേടിയ അഭിരാമി പി. മാത്യു, പി.എസ്. സാന്ദ്ര, നീന്തലിൽ ദേശീയ തലത്തിൽ സെലക്ഷൻ ലഭിച്ച ജി. അപർണ എന്നിവർക്കു മന്ത്രി വി.എസ്. സുനിൽകുമാർ സമ്മാനങ്ങൾ നൽകി. വെയ്റ്റ് ലിഫ്റ്റിംഗ് കോച്ച് ഹാർബിൻ ലോനപ്പനെ മന്ത്രി ആദരിച്ചു.
ഡിസിഎ വിജയികളായവർക്കു മേയർ അജിത ജയരാജൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾതലത്തിൽ വിജയികളായ പ്രതിഭാകുമാരി, പി.എസ്. ഗോപിക, ഭാവിക എന്നിവർക്കു കൗണ്‍സിലർ മഹേഷ് പുരസ്കാരം നൽകി.
സ്കൂൾ അധികൃതർ മന്ത്രി വി.എസ്. സുനിൽകുമാറിന് ഏർപ്പെടുത്തിയ ഉപഹാരം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.ആർ. മണികണ്ഠൻ കൈമാറി. ഡിഇഒ കെ.ജി. മോഹൻ, എഇഒ എം.ആർ. ജയശ്രീ, പിടിഎ പ്രസിഡണ്ട് വി.കെ. രാജേന്ദ്രൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി. ഷാലി ജോണ്‍, സ്കൂൾ ചെയർപേഴ്സണ്‍ ഇ. ഐശ്വര്യ, പ്രിൻസിപ്പൽ കെ.ആർ. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.