തിരുവനന്തപുരം: മന്ത്രിമാർക്ക് അഴിമതി നടത്താൻ സർക്കാർ ലൈസൻസ് നൽകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണത്തെ തുടർന്നു പുറത്തുപോയ ഇ.പി. ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവന്നതോടെ എല്ലാ മന്ത്രിമാർക്കും അഴിമതി നടത്താൻ ലൈസൻസായി. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇത് ഭരണത്തിന്റെ അഹന്തയും ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയുമാണ്. മന്ത്രി കെ.ടി. ജലീൽ ബന്ധുവിനെ വീട്ടിൽനിന്നു വിളിച്ചുവരുത്തിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്ത് നിയമനം നടത്താൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നയുടനെ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമായിരുന്നു. ജലീൽ നിയമിച്ച അദീബിന്റെ ഡിഗ്രിക്ക് അംഗീകാരമില്ലെന്നാണ് പുറത്തുവരുന്ന വാർത്തകളെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതി വിരുദ്ധ സർക്കാരാണ് ഇതെന്നാണല്ലോ മുഖ്യമന്ത്രി എപ്പോഴും പറയുന്നത്. അങ്ങനെയെങ്കിൽ ജലീലിനെ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണം. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തു.
നെയ്യാറ്റിൻകര സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാൻ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയാണ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ തിരിച്ചറിയാത്ത കേസാണ് ക്രൈംബ്രാഞ്ചിന് സാധാരണ കൈമാറുന്നത്. ഇത് പ്രതി ഡിവൈഎസ്പിയാണെന്ന് തിരിച്ചറിഞ്ഞതാണ്. പ്രതിക്ക് രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ.
ഹരികുമാറിന് ഉന്നതരുടെ സഹായം ലഭിക്കുന്നുണ്ട്. സിപിഎം നേതാക്കളാണ് ഇതിന് ഒത്താശ ചെയ്യുന്നത്. കേസ് ഐജിയോ സിബിഐയോ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.