കൊച്ചി: മുഖ്യമന്ത്രിയുടേതടക്കം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫ് നിയമനങ്ങള്‍ക്കും ഇതു ബാധകമാണെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
സ്റ്റാഫില്‍ ആളുകളെ കണക്കില്ലാതെ നിയമിക്കുന്നതു ശരിയല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടതു പോലുള്ള പൊതുവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്ന് പറയാനാവില്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്നതു തടയണമെന്നും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.