ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ വിവാദം കെട്ടടങ്ങിയപ്പോഴേക്കും അടുത്ത വിവാദം. ഇത്തവണ വില്ലനായത് മന്ത്രിയല്ല മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗം ആണെന്നു മാത്രം. മുപ്പതോളം വനിതകള്‍ അടങ്ങിയ ഗ്രൂപ്പിലാണ് ഒരു മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വരിവരിയായി നീലച്ചിത്രങ്ങള്‍ പോസ്റ്റിയത്. ഔദ്യോഗിക വിവരങ്ങള്‍ കൈമാറിയിരുന്ന ഗ്രൂപ്പിലേക്കാണ് അപ്രതീക്ഷിതമായി നല്ല ചൂടന്‍ ദൃശ്യങ്ങളെത്തിയത്. കൈയ്യബദ്ധമെന്നു പറഞ്ഞ് വകുപ്പിലെ ഉന്നതന് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം മുഖ്യമന്ത്രിയുടെ മുന്നിലെത്തിയെന്നാണ് വിവരം.
മുപ്പതു വനിതകളടക്കം എഴുപതോളം ആളുകളാണ് ഗ്രൂപ്പിലുള്ളത്. സംഭവത്തില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചതോടെ ഗ്രൂപ്പ ് അഡ്മിന്റെ സഹായത്തോടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മുഴുവന്‍ പേരെയും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ പ്രതിഷേധിച്ചവരെ സെക്രട്ടറിയേറ്റിനു പുറത്തു നിയമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.മന്ത്രിയുടെ ഓഫീസില്‍ സ്ഥലം മാറ്റം ഉള്‍പ്പെടെ സുപ്രധാന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ മാസം എട്ടിന് അര്‍ധരാത്രിയിലാണ് ഇയാള്‍ അശ്ലീലദൃശ്യങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.പിറ്റേന്നാണ് ഗ്രൂപ്പംഗങ്ങള്‍ ഈ ദൃശ്യങ്ങള്‍ കണ്ടത്. ദൃശ്യങ്ങള്‍ നീക്കാതെ ഗ്രൂപ്പ് ഇല്ലാതാക്കുകയാണ് ഇയാള്‍ ചെയ്തത്. മന്ത്രി എ.കെ ശശീന്ദ്രന്റെ സംഭവത്തിനു ശേഷം മന്ത്രിമാരും പഴ്സണല്‍ സ്റ്റാഫും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.