ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് എല്‍ഡിഎഫ് നേതാക്കള്‍ പലരും. സന്തോഷത്തിന്റെ പാരമ്യത്തില്‍ ഇക്കൂട്ടത്തില്‍ പലരും ട്രോളന്മാരായി മാറി എന്നതാണ് സത്യം. മന്ത്രിമാരായ എംഎം മണി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്കെതിരെ ട്രോളുകളുമായി എത്തിയിരിക്കുന്നത്.
‘ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം’ എന്നാണ് യുഡിഎഫിന് മന്ത്രി എം.എം.മണിയുടെ രൂക്ഷപരിഹാസം. ഫേസ്ബുക്കിലാണ് പ്രശസ്തമായ സിനിമാ ഡയലോഗ് മാത്രമിട്ടു മണി യുഡിഎഫിനെ ട്രോളിയത്. ‘സുഹൃത്തുക്കളേ, ഞാന്‍ സുരക്ഷിതനാണ്’ എന്നു ബിജെപിയെ പരിഹസിച്ചുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ട്രോളും അണികള്‍ ഏറ്റെടുത്തു.
നേരത്തെ തിരുവനന്തപുരം ബിജെപി ഓഫിസിനെതിരെ ആക്രമണമുണ്ടായപ്പോള്‍ ‘ഞാന്‍ സുരക്ഷിതനാണ്’ എന്ന് അന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ട്വീറ്റ് ചെയ്തിരുന്നു. ചെങ്ങന്നൂരില്‍ ബിജെപിക്കു വോട്ടു ചോര്‍ന്നപ്പോള്‍ മിസോറാമില്‍ ഗവര്‍ണറായ കുമ്മനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിച്ചായിരുന്നു കടകംപള്ളിയുടെ പരിഹാസം. തങ്ങളുടെ പണി കളയാന്‍ മന്ത്രിമാരെല്ലാം കൂടി ഇറങ്ങിത്തിരിച്ചിരിക്കുകയാണോ എന്നാണ് ഇരുവരുടെയും ട്രോളുകള്‍ ഏറ്റെടുത്തുകൊണ്ട് യഥാര്‍ത്ഥ ട്രോളന്മാര്‍ ചോദിക്കുന്നത്.