തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാരുടെ ഓഫീസുകളിലെ വാഹനങ്ങള് യാതൊരു മാനദണ്ഡവുമില്ലാതെ ഉപയോഗിക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്ത്തകന് അജി .കെ മധു മുഖ്യമന്ത്രി ഉള്പ്പടെയുള്ളവര്ക്ക് പരാതി നല്കി. പല മന്ത്രിമാരുടേയും ഓഫീസുകളില് ഓഫീസ് അസിസ്റ്റന്റുമാര് വരെ ഇത്തരത്തില് നിയന്ത്രണങ്ങള് ഒന്നുമില്ലാതെ വാഹനം ഉപയോഗിക്കുന്ന കാര്യം മാധ്യമങ്ങള് നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു.
അനിയന്ത്രിതമായ വാഹന ഉപയോഗം സര്ക്കാര് ഖജനാവിന് വന് തോതിലുള്ള നഷ്ടമാണ് സമ്മാനിക്കുന്നത്. മന്ത്രിമാരുടെ ഓഫീസില് സര്ക്കാര് വാഹനം ഉപയോഗിക്കാന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്ക്ക് മാത്രമാണ് അനുമതി നല്കിയിട്ടുള്ളത്. അതും നിശ്ചിത കിലോമീറ്റര് ദൂരം സഞ്ചരിക്കാന് കൃത്യമായി ലോഗ് ബുക്കില് രേഖപ്പെടുത്തുകയും വേണം.
എന്നാല് ഇതൊക്കെ കാറ്റില് പറത്തിയാണ് ഇപ്പോള് തോന്നുംപടിയുള്ള ഉപയോഗം. ഇക്കാര്യത്തില് സര്ക്കാര് തലത്തില് അന്വേഷണവും പരിശോധനയും വേണമെന്ന ആവശ്യവും ശക്തമായി.
സര്ക്കാര് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില് നട്ടം പിരിയുമ്പോള് ആവശ്യമില്ലാതെ തോന്നുംപടിയുള്ള മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാരുടെ വാഹനം ഉപയോഗത്തിനെതിരെ ഉദ്യോഗസ്ഥര് തന്നെ രംഗത്ത് വന്നിരുന്നു. ഇത്തരത്തില് വാഹനം ഉപയോഗിച്ച് സര്ക്കാര് ഖജനാവിന് നഷ്ടം ഉണ്ടാക്കുന്ന സംഭവം അറിയാമെങ്കിലും പേടിച്ച് പലരും ഇക്കാര്യം പുറത്തു പറയാനും മടിക്കുന്നു.
മന്ത്രിമാരുടെയും ഓഫീസുമായി ബന്ധപ്പെട്ട് വാഹനങ്ങള് ഉപയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിരീക്ഷണം നടത്തുകയും ഇത്തരം ഉദ്യോഗസ്ഥര്ക്കെതിരെ കര്ശനം നടപടി സ്വീകരിക്കണം എന്ന് ആരോപിച്ചു കൊണ്ടാണ് സാമൂഹ്യപ്രവര്ത്തകന് അജു കെ മധു കേരള മുഖ്യമന്ത്രിക്ക് ഉള്പ്പെടെയുള്ളവര്ക്ക് പരാതി നല്കിയത്.