കൊച്ചി: കളിപ്പാട്ട കച്ചവടത്തിന്റെ മറവിൽ ലഹരി വില്പന നടത്തിയതിന് അറസ്റ്റിലായ ഉത്തർപ്രദേശ് ബറേലി സ്വദേശി വിപിൻ കുമാർ റസ്തോജി (മിങ്കു ഭായ്-(70) എത്തിച്ച ബ്രൗണ്‍ ഷുഗറിന്റെ ഉറവിടം തേടി എക്സൈസ്.
ഇവ വില്പനക്കായി ഉത്തർപ്രദേശിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇയാൾക്ക് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നും എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിനു സംശയം ഉണ്ട്.
അതുകൊണ്ടുതന്നെ അത്തരത്തിലുള്ള അന്വേഷണവും എക്സൈസ് ആരംഭിച്ചു. ഇയാളുടെ പക്കൽനിന്നും 60 ചെറു പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന മുന്തിയ ഇനം 4.5 ഗ്രാം ബ്രൗണ്‍ ഷുഗർ പിടിച്ചെടുത്തു.
മിങ്കു ബാപ്പു എന്ന പേരിൽ സ്കൂൾ പരിസരങ്ങളിലും വഴിയോരങ്ങളിലും കൊച്ചുകുട്ടികളുടെ കളിപ്പാട്ടക്കച്ചവടം നടത്തിവരുകയായിരുന്നു ഇയാൾ. കളിപ്പാട്ട കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരി വില്പന.
തേവര ഡീവർ റോഡിന് സമീപം കസ്തൂർബ നഗറിലേക്ക് പോകുന്ന വഴിയിൽ സ്ഥിരമായി യുവതി യുവാക്കൾ ഇയാളെ കാണാനായി വന്നുപോകുന്നു എന്ന വിവരം സിറ്റി മെട്രോ ഷാഡോയ്ക്കും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിനും ലഭിച്ചിരുന്നു.
ഇതേതുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘം വേഷം മാറിയാണ് ഇയാളുടെ അടുത്തെത്തിയത്. ഇയാളുടെ പക്കൽ ബ്രൗണ്‍ ഷുഗർ ഉണ്ടെന്ന് മനസിലാക്കിയതോടെ സംഘം ബ്രൗണ്‍ ഷുഗറിന് വിലപറഞ്ഞ് ഉറപ്പിച്ചു.
ഇത് ഉപയോഗിക്കേണ്ട വിധവും വിപിൻ കുമാർ എക്സൈസ് സംഘത്തിന് പറഞ്ഞു നൽകി. ഇതിനിടെ ആവശ്യക്കാരായി എത്തിയത് എക്സൈസ് ആണെന്ന് മനസിലാക്കിയതോടെ ഇയാൾ ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിടികൂടി.
തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗർ പായ്ക്കറ്റുകൾ കണ്ടെത്തിയത്. മില്ലി ഗ്രാം മാത്രം തൂക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്.