പൊൻകുന്നം: മിനിസിവിൽ സ്റ്റേഷനിലെ സബ്ട്രഷറിയിലേക്കെത്തിയ യുവാക്കൾ ഇന്നലെ ഉച്ചയ്ക്ക് മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങി. പിന്നീട് പോലീസും ഫയർഫോഴ്സുമെത്തിയാണ് ഇവരെ പുറത്തിറക്കിയത്.
ചാമംപതാൽ അമ്പാട്ടുതോട്ടുങ്കൽ ജിബിൻ ജോൺ (18), ചാമംപതാൽ കന്നുപറമ്പിൽ കെ.എസ്. ആസിഫ് (18) എന്നിവരാണ് ലിഫ്റ്റിൽ പെട്ടത്. ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ സബ്ട്രഷറിയിൽ ചെലാൻ അടയ്ക്കാനെത്തിയതായിരുന്നു ഇരുവരും.
ഒന്നാം നിലയിലെത്തുന്നതിന് മുന്പ് വൈദ്യുതി നിലച്ച് ലിഫ്റ്റ് പ്രവർത്തനരഹിതമാകുകയായിരുന്നു.
ഇരുവരും മൊബൈൽ ഫോണിൽ ഗൂഗിളിൽ തെരഞ്ഞ് പൊൻകുന്നം പോലീസ് സ്റ്റേഷന്റെ നമ്പരെടുത്ത് വിളിച്ച് സഹായം തേടി. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇരുകൂട്ടരും ഉടൻതന്നെയെത്തി ലിഫ്റ്റിൽ ക്രമീകരണം നടത്തി താഴെയെത്തിച്ചു.
ഇവിടുത്തെ ലിഫ്റ്റ് തകരാറിലാകുന്നത് പതിവാണ്. രണ്ടുമാസം മുന്പ് സബ് രജിസ്ട്രാർ ഓഫീസിലേക്കെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു.
ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ ലിഫ്റ്റ് പ്രവർത്തനരഹിതമാകില്ല. എന്നാൽ, മാസങ്ങളായി ജനറേറ്റർ ഉപയോഗിക്കുന്നില്ല. പ്രവർത്തിപ്പിക്കാൻ ആളുമില്ല.
മിനിസിവിൽ സ്റ്റേഷനിലെ എസ്റ്റേറ്റ് കമ്മിറ്റി പ്രവർത്തിക്കാത്തതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പൊതുആവശ്യങ്ങൾ ക്രമീകരിക്കേണ്ടത് ഈ കമ്മിറ്റിയാണ്.
വിവിധ ഓഫീസുകളുടെ തലവന്മാരുൾപ്പെടുന്ന കമ്മിറ്റിയുണ്ടെങ്കിലും അത് യഥാസമയം ചേർന്ന് പ്രവർത്തനങ്ങൾ നടത്താറില്ല.