മാവേലിക്കര: അഞ്ചുവർഷമായി ഇടിമിന്നൽ ഭീതിയിൽ ഒരു പ്രദേശം. മാവേലിക്കര നഗരസഭയിൽ 28-ാം വാർഡിലെ ഒരു മേഖലയിലെ ജനങ്ങളാണ് ഇത്തരത്തിൽ ഭീതിയിൽ കഴിയുന്നത്.
മേഖലയിൽ ഇടിമിന്നലിൽ നാശമുണ്ടാകാത്ത വീടുകൾ വിരലിലെണ്ണാവുന്നവ മാത്രം. തട്ടാരന്പലം മറ്റം വടക്കുള്ള ഈ മേഖലയിൽ നൂറിലേറെ വീടുകളുണ്ട്.
തുലാമാസത്തിലെ ഇടിമിന്നൽ നാശം വിതയ്ക്കുന്നത് പതിവാണെങ്കിലും ഒരു പ്രദേശത്തു മാത്രം കനത്തതോതിൽ നാശമുണ്ടാകുന്നത് ദുരൂഹമായി തുടരുന്നു.
കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിലും വ്യാപക നാശമുണ്ടായി. 2015ലാണ് ഈ പ്രതിഭാസം തുടങ്ങിയതെന്ന്് നാട്ടുകാർ പറയുന്നു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ, ഇലക്ട്രിക് വയറിംഗ്, വീടുകൾ, മതിലുകൾ എന്നുവേണ്ട പ്രദേശത്ത് മിന്നലേൽക്കാത്ത മരങ്ങളും ചുരുക്കമാണ്.
വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കൊന്നും ആയുസില്ല. മാവേലിക്കരയിലെ ഇലക്ട്രി ക് ഉപകരണങ്ങൾ നന്നാക്കുന്ന മിക്കകടകളിലും ഏറ്റവുമേറെ കേസുകൾ വരുന്നതും ഇവിടെനിന്നുതന്നെ.
കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിലും വൈദ്യുത ഉപകരണങ്ങളും വൃക്ഷങ്ങളും കത്തിക്കരിഞ്ഞു. മറ്റം വടക്ക് സണ്‍ഡേ സ്കൂളിന്റെ പരിസരമാണിത്.
തുലാമാസത്തിൽ ജനം പുറത്തിറങ്ങാൻ ഭയക്കുകയാണ്. ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ലന്നതാണ് ഏക ആശ്വാസം. ദുരൂഹമായ ഈ പ്രതിഭാസം പഠന വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.