വിഴിഞ്ഞം: ഇടിമിന്നലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനു തീ പിടിച്ചു. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. തീപിടിത്തത്തിൽ പ്രമാണങ്ങൾ ഉൾപ്പടെ നിരവധി രേഖകൾ കത്തി നശിച്ചു. വെങ്ങാനൂർ പണ്ടാര വിളാകം ഉത്രം ഹൗസിൽ രാജേന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്.
കഴിഞ്ഞ ദിവസംരാത്രി എട്ടു മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാർ പുറത്തു പോയിരുന്ന സമയമായതിനാലാണ് ദുരന്തം ഒഴിവായത്. സമീപ വാസിയും നാട്ടുകാരും ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും ചൂട് കാരണം കഴിഞ്ഞില്ല. തുടർന്ന് വിഴിഞ്ഞം പോലീസും അഗ്നിശമന സേനയും എത്തിയാണ് തീ കെടുത്തിയത്.
വീടിന്റെ അടുക്കള ഭാഗവും സമീപത്തെ അലമാരയിൽ വെച്ചിരുന്ന ഇരുപതിരണ്ടായിരം രൂപ, സ്വർണം, പ്രമാണങ്ങൾ, മറ്റു രേഖകൾ എന്നിവയും പൂർണമായും കത്തി നശിച്ചു. വീടിന്റെ ഉൾഭാഗം ഭാഗികമായി നശിച്ചു.