നേമം : കെഎസ്ആർടിസി കൈമനം സെൻട്രൽ വർക്സിൽ പുതുതായി നിർമിച്ച മിന്നൽ ദീർഘദൂര സർവീസ് ബസുകൾ ഉടൻ നിരത്തിലിറങ്ങും. 23 സൂപ്പർ എയർ ഡീലക്സ് ബസുകളാണ് രജിസ്ട്രേഷൻ കഴിഞ്ഞ് കിടക്കുന്നത്. പഴയ ഡീലക്സ് ബസുകൾക്ക് പകരമാണ് വെള്ളയും ടയറിനോട് ചേർന്ന് ചുവപ്പ് ബോർഡറുമിട്ട ബസുകൾ നിർമിച്ചത്.
മിന്നലിന്റെ പേര് സൂചിപ്പിക്കും പോലെ മിന്നലിന്റെ ചിത്രവും ബസിൽ വരച്ചിട്ടുണ്ട്. മിന്നൽ വേഗത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയാണ് ബസുകളുടെ ഓട്ടം നിശ്ചയിച്ചിട്ടുള്ളത്. 41 സീറ്റുകളും പുഷ്ബാക്ക് സീറ്റും എയർ സസ്പെൻഷൻ സംവിധാനങ്ങളും ബസിന്റെ യാത്ര സുഖകരമാക്കുകയും യാത്ര സമയം ലാഭിക്കുകയും ചെയ്യും. പരമാവധി വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുകയാണ് മിന്നൽ ബസിന്റെ ഉദേശ്യം. രാത്രിയിലാണ് കൂടുതൽ സർവീസുകളും നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ മൂന്നുമണിക്കൂർ കൊണ്ടെത്തുക എന്നതാണ് അതിവേഗ ബസിന്റെ ലക്ഷ്യം. മിന്നൽ ബസിന്റെ ടിക്കറ്റുകൾ ഓണ്‍ലൈൻ വഴിയും ബുക്കുചെയ്യാൻ കഴിയും.