ചാവക്കാട്: മിന്നൽ ചുഴലി തീരമേഖലയിൽ വ്യാപക നാശനഷ്ടം. രാത്രിയും ഇന്നു പുലർച്ചെയുമായി ഉണ്ടായ ശക്തമായ കാറ്റിൽ ഫലവൃക്ഷങ്ങൾ നിലംപതിച്ചു. വൈദ്യുതികാൽ ഒടിഞ്ഞുവീണു. കടകൾക്കും വീടുകൾക്കും നാശം സംഭവിച്ചു.
ഒരുമനയൂർ വില്യംസിൽ 11 കെ.വി കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തിരുവത്രയിൽ കൂറ്റൻ പ്ലാവ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. എടക്കഴിയൂരിൽ കാജ കന്പനിക്കു സമീപം ചെക്കന്റകത്ത് ശ്രീനിവാസന്റെ വീട്ടിലെ തെങ്ങു വീണു.
ഇരട്ടപ്പുഴ കോളനിപ്പടിയിൽ മഹർഹബ ചിക്കൻ കടയുടെ മേൽക്കൂര പറന്നുപോയി സമീപത്ത് നിലംപതിച്ചു. പഞ്ചാരമുക്ക്, ചാവക്കാട്, വടക്കെ ബൈപാസ് എന്നിവിടങ്ങളിൽ തെങ്ങ് വീണു.
തിരുവത്ര ചെങ്കോട്ട, അന്പലത്ത് വീട്ടിൽ നബീസു, ഹസൻപുരക്കൽ അബ്ദുൽ റഹ്മാൻ, കേരന്റകത്ത് ബൾക്കീസ് എന്നിവരുടെ വീടുകളുടെ ഓടുകൾ പറന്നുപോയി. ഭീതിപരത്തിയ മിന്നൽ ചുഴലിക്കാറ്റ് തീരമേഖലയിൽ പുലർച്ചെ ഒന്നരയ്ക്കുശേഷമാണ് ഉണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു.
മഴവെള്ളം അകത്തേക്കു വീണപ്പോൾ വീട്ടുകാർ ഉണർന്നു. അപ്പോഴാണ് കാറ്റിൽ ഓടുകൾ പറന്നവിവരം അറിയുന്നത്. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.
മുന്നറിയിപ്പിനെ തുടർന്ന് നാടൻ വള്ളക്കാർ കടലിൽ പോയില്ല. കടൽ വീണ്ടും ക്ഷോഭിക്കാൻ തുടങ്ങി. കാറ്റ്, മഴ, കടലേറ്റം തീരവാസികൾ ആശങ്കയിലാണ്.