പാലക്കാട്: ജില്ലയിൽ വൈകുന്നേരങ്ങളിൽ ഇടിമിന്നലോടെ മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. കുട്ടികൾ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കരുത്.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗ വേദികളിൽ ഇടിമിന്നലുള്ള സമയത്ത് പ്രസംഗം ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടനെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
മഴക്കാർ കാണുന്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയത്ത് പോകരുത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടണം. ഫോണ് ഉപയോഗിക്കരുത്.
ലോഹ വസ്തുക്കളുടെ സ്പർശനം സാമീപ്യം, വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം എന്നിവ ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊന്പിലോ ഇരിക്കുന്നത് അപകടകരമാണ്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ പട്ടം പറത്തുകയോ ചെയ്യരുത്. വാഹനത്തിലാണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തണം. ലോഹ ഭാഗങ്ങളിൽ സ്പർശിക്കരുത്. ജലാശയങ്ങളിൽ ഇറങ്ങരുത്.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി ഇരിക്കുക. ഇടിമിന്നലിൽനിന്നും സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം.
മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാവാത്തതിനാൽ ആദ്യ 30 സെക്കന്റിനുള്ളിൽ പ്രഥമ ശുശ്രൂഷ നൽകണം. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.