സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിൽ തുലാമഴ ശക്തമായിട്ടില്ലെങ്കിലും ഇടിയും മിന്നലും ശക്തം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുലർച്ചെയും വൈകുന്നേരങ്ങളിലും ശക്തമായ ഇടിയോടു കൂടിയ മിന്നൽ ഉണ്ടാകുന്നുണ്ട്.
കോവിഡിനെ ഭയക്കും പോലെ തന്നെ മിന്നലിനേയും ഭയക്കണം. അപകടസാധ്യത കൂടിയ മിന്നലാണ് ഇപ്പോഴുണ്ടാകുന്നതെന്ന് വിദഗ്ധർ പറയുന്നു.
അതിനാൽ കരുതലും ജാഗ്രതയും പതിവിലേറെ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ മഴക്കാലത്തും മിന്നലിനെതിരെ മുൻകരുതൽ നടപടികളെടുക്കാൻ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ഇത്തവണ കുറേക്കൂടി സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
പലതവണ പറഞ്ഞതാണെങ്കിലും വീണ്ടും പറയുകയാണ്….
മിന്നൽ തുടങ്ങിയാൽ ഉടൻ സുരക്ഷിതമായ ഇടത്തേക്ക് മാറണം. കെട്ടിടങ്ങളുടെ ഉള്ളിലേക്ക് മാറുന്നതാണ് ഉത്തമം. തുറസായ സ്ഥലത്ത് നിൽക്കുന്നത് ഒഴിവാക്കണം.
ഉയരമുള്ള ഇടങ്ങളിൽ മിന്നലുള്ളപ്പോൾ കയറി നിൽക്കരുത്. പ്രത്യേകിച്ച് തുറസായ ടെറസിൽ. മരത്തിൽ കയറിയിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും അപകടസാധ്യതയുണ്ടാക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ടിവി, ഫ്രിഡ്ജ്, കംപ്യൂട്ടർ എന്നിവയടക്കമുള്ള ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ മറക്കരുത്. മൊബൈൽ ചാർജ് ചെയ്യാനും ഈ സമയം വെക്കരുത്. ഫാനുകൾ, എസ് എന്നിവയും നിർബന്ധമായും ഓഫ് ചെയ്യുക.
ജനലുകളും വാതിലുകളും അടച്ചിടുക. മരത്തിന്റെ കട്ടിലിൽ കയറിയിരിക്കുന്നത് സുരക്ഷിതമാണെന്ന് പൊതുവെ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി കടത്തിവിടുന്ന ലോഹങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക.
ഫോണുകൾ മൊബൈലാണെങ്കിലും ലാൻഡ് ലൈനാണെങ്കിലും മിന്നലുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക.
വാഹനമോടിക്കുന്ന സമയത്താണ് ശക്തമായ മിന്നലുണ്ടാകുന്നതെങ്കിൽ വാഹനം തുറസ്സായ സ്ഥലത്ത് നിർത്തി വാഹനത്തിനകത്തു തന്നെ ഇരിക്കുക. പുറത്തിറങ്ങരുത്. ടയറുകളാൽ വാഹനം ഉയർന്നു നിൽക്കുന്നതുകൊണ്ടാണ് വണ്ടിയിൽ തന്നെ ഇരിക്കാൻ നിർദ്ദേശിക്കുന്നത്.
ഒരു കാരണവശാലും മിന്നലുള്ളപ്പോൾ നദികൾ, കുളങ്ങൾ തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങരുത്. മിന്നലുള്ളപ്പോൾ കുളിമുറിയിൽ കുളിക്കുന്നതു പോലും അപകസാധ്യത സൃഷ്ടിക്കുന്നുണ്ട്. ടെറസിലെ ടാങ്കിൽ നിന്നുള്ള പൈപ്പ് കണക്ഷനാണെങ്കിൽ മിന്നൽ സമയത്ത് കുളിക്കരുത്.
ഇടിമിന്നൽ രക്ഷാചാലകം കെട്ടിടങ്ങൾക്ക് മുകളിൽ ഘടിപ്പിക്കുക.
ലോഹസ്പർശം ഒഴിവാക്കുന്നതോടൊപ്പം ചെരിപ്പ് ധരിക്കുന്നത് മിന്നലിൽ നിന്നും രക്ഷനേടാൻ സഹായിക്കും. ഉയരമുള്ള ഒറ്റപ്പെട്ട മരങ്ങൾ മിന്നലിനെ ആകർഷിക്കുമെന്നതിനാൽ അതിനു താഴെ നിൽക്കരുത്.
വാഹനങ്ങളിൽ ചാരി നിൽക്കുന്നത് അപകടം.
തുറസായ സ്ഥലത്ത് പെട്ടുപോയാൽ കുനിഞ്ഞുനിൽക്കുകയോ നിലത്ത് കിടക്കുകയോ ആണ് നല്ലത്.
മെയിൻ സ്വിച്ച് ഓഫ് ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും.
മിന്നലേറ്റ ആൾക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകാൻ മടിക്കരുത്. മിന്നലേറ്റയാളുടെ ശരീരത്തിൽ തൊട്ടാൽ ഷോക്കേൽക്കില്ലെന്നോർക്കുക. പ്രഥമ ശുശ്രൂഷനൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്നതിനാൽ കൃത്രിമ ശ്വാസോച്ഛാസം നൽകുക.