കോട്ടയം; വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ പ്രദീപിൻെറ മകന് അഭിഷേക് പ്രദീപ് (20) ആണ് മരിച്ചത്.
കൂടെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ബന്ധുവും മന്ത്രി വി.എന്‍. വാസൻെറ ഡ്രൈവറുമായ വാഴപ്പള്ളി മോര്‍ക്കുളങ്ങര കൊല്ലംപറമ്പില്‍ കെ.പി. വിജയന്റെ മകന് ശ്രീഹരി (ആരോമല്‍- 20 )യെ പരിക്കുളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 2.30ന് കോട്ടയം ഭീമാ ജൂവലേഴ്സിന് മുന്നില്‍ വണ്‍വേ റോഡിലാണ് അപകടം.വണ്‍വേ റോഡില്‍ എതിര്‍ദിശയിലൂടെ എത്തിയ കെ എസ് ആര് ടി സി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.
പുലര്‍ച്ചേ ആയതിനാൽ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് വണ്‍വേക്ക് എതിര് ദിശയിലൂടെയാണ് സഞ്ചരിച്ചത്.
ബൈക്ക് പുളിമൂട് ജംഗ്ഷന് വഴി വണ്‍വേ റോഡിലേക്ക് കയറിവരവേയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയവരും പോലീസും ചേര്‍ന്ന് ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിഷേകിൻെറ ജീവന് രക്ഷിക്കാനായില്ല.
ശ്രീഹരിക്ക് കാലിനും കൈയ്ക്കും മുഖത്തും പരിക്കുണ്ട്. കോട്ടയത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. വെസ്റ്റ് പൊലീസ് കേസെടുത്തു. വെല്‍ഡിംഗ് ജോലിക്കാരനായിരുന്ന അഭിഷേക്. മാതാവ്.സുമ. സഹോദരന്: അഖിനേഷ്.