കൽപ്പറ്റ: ബത്തേരിയിൽനിന്നു തിരുവനന്തപുരത്തിനുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ മിന്നൽ സൂപ്പർ എയർ ഡീലക്സ് ബസ് സർവീസ് ഇന്നു ആരംഭിക്കും. രാത്രി പത്തിന് ബത്തേരിയിൽനിന്നു പുറപ്പെടുന്ന ബസ് കൽപ്പറ്റ, താമരശേരി, കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി പുലർച്ചെ 7.20ന് തിരുവനന്തപുരത്തെത്തും.
ഈ സ്ഥലങ്ങളിലും അങ്കമാലിയിലും(റിക്വസ്റ്റ്) മാത്രമായിരിക്കും ബസിന് സ്റ്റോപ്പ്. 9.20 മണിക്കൂറാണ് റണ്ണിംഗ് ടൈം. തിരുവനന്തപുരത്തുനിന്നു രാത്രി എട്ടിന് ബസ് പുറപ്പെടും. പുലർച്ചെ 5.20ന് ബത്തേരിയിലെത്തും. നേരത്തെ കാസർഗോഡ്-തിരുവനന്തപുരം റൂട്ടിൽ ഓടിയിരുന്ന മിന്നൽ ഷെഡ്യൂൾ ബസുകൾ ഉപയോഗിച്ചാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
പുതിയ സർവീസിന്റെ ഓണ്‍ലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്(online.keralartc.com). കെഎസ്ആർടിസിയുടെ റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിൽ ബത്തേരിയിൽനിന്നും മാനന്തവാടിയിൽനിന്നും തിരുവനന്തപുരത്തേക്കു ഓരോ മിന്നൽ സർവീസുണ്ട്. മാനന്തവാടിയിൽനിന്നു രാത്രി ഏഴിനും ബത്തേരിയിൽനിന്ന് രാത്രി 7.45നുമാണ് സർവീസ്. കൽപ്പറ്റ, താമരശേരി, പെരിന്തൽമണ്ണ, എറണാകുളം, ആലപ്പുഴ വഴിയാണ് ഈ ബസുകൾ.
ഈ മാസം ആദ്യം ബത്തേരിയിൽനിന്നു രാത്രി 9.30ന് കോഴിക്കോട്, കുറ്റിപ്പുറം, ഗുരുവായൂർ, എറണാകുളം വഴി പുനലൂരിലേക്കും തിരിച്ചും ആരംഭിച്ച സൂപ്പർ ഡീലക്സ് സർവീസ് ലാഭകരമാണെന്നുകണ്ട സാഹചര്യത്തിലാണ് ഒരു ദീർഘദൂര രാത്രികാല സർവീസ് കൂടി ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.