മാവേലിക്കര: 5 വര്‍ഷമായി ഇടിമിന്നല്‍ ഭീതിയില്‍ ഒരു പ്രദേശം. മാവേലിക്കര നഗരസഭയില്‍ 28-ാം വാര്‍ഡിലെ ഒരു മേഖലയിലെ ജനങ്ങളാണ് ഇത്തരത്തില്‍ ഭീതിയില്‍ കഴിയുന്നത്.
ഇവിടെ ഇടിമിന്നലില്‍ നാശമുണ്ടാകാത്ത വീടുകള്‍ വിരലിലെണ്ണാവുന്നവ മാത്രം. തട്ടാരമ്പലം മറ്റം വടക്കുള്ള ഈ മേഖലയില്‍ നൂറിലേറെ വീടുകളുണ്ട്.
തുലാമാസത്തിലെ ഇടിമിന്നല്‍ നാശം വിതയക്കുന്നത് പതിവാണെങ്കിലും ഒരു പ്രദേശത്തു മാത്രം കനത്തതോതില്‍ നാശമുണ്ടാകുന്നത് ദുരൂഹമായി തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിലും വ്യാപക നാശമുണ്ടായി.
2015 ലാണ് ഈ പ്രതിഭാസം തുടങ്ങിയതെന്ന്്നാട്ടുകാര് പറയുന്നു. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷിന്, ഇലക്ട്രിക് വയറിങ്, വീടുകള്‍, മതിലുകള്‍, എന്നുവേണ്ട പ്രദേശത്ത് മിന്നലേല്ക്കാത്ത മരങ്ങളും ചുരുക്കമാണ്.
വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കൊന്നും ആയുസ്സില്ലാത്ത നിലയാണ്. മാവേലിക്കരയിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന മിക്കകടകളിലും ഏറ്റവുമേറെ കേസുകള്‍ വരുന്നതും ഇവിടെ നിന്നു തന്നെ.
കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിലും വൈദ്യുത ഉപകരണങ്ങളും വൃക്ഷങ്ങളും കത്തിക്കരിഞ്ഞു. മറ്റം വടക്ക് സണ്‍ഡേ സ്കൂളിന്റെ പരിസരമാണിത്. തുലാമാസത്തില്‍ ജനം പുറത്തിറങ്ങാന്‍ ഭയക്കുകയാണ്.
ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടില്ലന്നതാണ് ഏക ആശ്വാസം. ദുരൂഹമായ ഈ പ്രതിഭാസം പഠന വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.