“മിന്നല്‍ മുരളി’ എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരും സ്ഥലവും സിലബസുമായി ബന്ധപ്പെടുത്തി തയാറാക്കിയ പരീക്ഷാ ചോദ്യപേപ്പർ വൈറലായി.
കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നൽ മുരളിയും ജോസ്മോനും കുറുക്കൻമൂലയുമൊക്കെ കഥാപാത്രങ്ങളായത്.
സമുദ്രനിരപ്പിലും മലയോരത്തും വെള്ളം തിളയ്ക്കാനുള്ള ഊഷ്മാവിന്റെ വ്യത്യാസവുമായി ബന്ധപ്പെട്ടാണ് ചോദ്യം.
100 ഡിഗ്രിക്കു മുകളിലും താഴേയും വെള്ളം തിളയ്ക്കുമെന്ന പ്രതിഭാസത്തെ വിദ്യാര്‍ഥികള്‍ എങ്ങനെ ഉത്തരത്തിലൂടെ മിന്നല്‍ മുരളിക്ക് മനസിലാക്കി കൊടുക്കുമെന്നതാണ് ചോദ്യരൂപം.
മിന്നല്‍മുരളി അമേരിക്കയില്‍ എത്തിയപ്പോള്‍ അയേണ്‍ മാനിനെയും അക്വാമാനിനെയും കാണുന്നതും നോണ്‍ ന്യൂട്ടോണിയന്‍ ഫ്ളുയ്ഡിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നതും രസകരമായി ചോദ്യത്തിലുണ്ട്.
മെക്കാനിക്കല്‍ വിഭാഗം പ്രഫസര്‍ ഡോ. കുര്യന് ജോണാണ് ചോദ്യങ്ങള്‍ തയാറാക്കിയത്.
കുട്ടികളുടെ സമ്മർദം കുറയ്ക്കാനുള്ള ഇതുപോലത്തെ ചോദ്യങ്ങൾ കുര്യന് ജോണ്‍ മുമ്പും തയാറാക്കിയിട്ടുണ്ട്.
പരീക്ഷയ്ക്കുശേഷം വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
ചോദ്യം കണ്ട് മിന്നൽ മുരളിയുടെ സംവിധായകന് ബേസില്‍ ജോസഫ് പ്രഫസറെ ഫോണിൽ വിളിച്ചു. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് ബേസിൽ.