മെഡിക്കല്‍കോളജ്: : മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും സ്ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി.
അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, കോവിഡ് വാര്‍ഡ്, ഓപ്പറേഷന് തീയറ്റര്‍ കോംപ്ലക്സ്, വിവിധ ഐസിയുകള്‍, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു.
രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.ജനറല്‍ ആശുപത്രിയിലെ മുന്‍വശത്തുള്ള പാസ് കൗണ്ടറിലാണ് മന്ത്രി ആദ്യമെത്തിയത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രണ്ട് കൗണ്ടറുകളുള്ളതായി ബോര്‍ഡുണ്ടെങ്കിലും ഒരു കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിക്കാറൂള്ളൂവെന്ന് ക്യൂവില്‍ നിന്ന ഒരാള്‍ പരാതി പറഞ്ഞു.
ഉടന്‍ തന്നെ മന്ത്രി കൗണ്ടറില്‍ കയറി കാര്യമന്വേഷിച്ചു. കംപ്യൂട്ടർ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ജീവനക്കാരി മന്ത്രിയോടു പറഞ്ഞു.
തുടർന്ന് നടത്തിയ പരിശോധനയിൽ കംപ്യൂട്ടർ കേടാണെന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. എത്രയും വേഗം കൗണ്ടര്‍ പുനഃ സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വി.ആര്. രാജു മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രി കാഷ് കൗണ്ടറിലെ കംപ്യൂട്ടർ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി.
ജനറല്‍ ആശുപത്രിയില്‍ മന്ത്രി രാവിലെ സന്ദര്‍ശിച്ചപ്പോള്‍ വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്ക്കേണ്ട കാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.
കാരണമന്വേഷിച്ച മന്ത്രിയോട് അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത് കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്.
സൂപ്രണ്ടിനെയും ഇ ഹെല്‍ത്ത് ജീവനക്കാരേയും വിളിച്ചു വരുത്തിയപ്പോള്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. തുടർന്നായിരുന്നു നടപടി.