നിയമങ്ങള്‍ക്കപ്പുറം മനസാക്ഷി എന്നൊന്നില്ലേയെന്ന് ഒരുകൂട്ടര്‍! ഓരോരുത്തരും ആവശ്യപ്പെടുന്നിടത്ത് നിര്‍ത്താനാണെങ്കില്‍ മിന്നല്‍ എന്ന പേരെന്തിനെന്ന് മറ്റൊരുകൂട്ടര്‍; മിന്നല്‍ വിഷയത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച തര്‍ക്കത്തിലേയ്ക്ക്

രാത്രി മിന്നല്‍ ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കിവിടാത്തതില്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ് കെഎസ്ആര്‍ടിസി മിന്നല്‍. കെഎസ്ആര്‍ടിസി ആരോപണത്തില്‍ പെട്ടിരിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുകയാണെന്നുള്ള വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ പ്രസ്തുത വിഷയത്തില്‍ അരങ്ങേറിക്കൊണ്ടിരുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ തര്‍ക്കങ്ങളിലേയ്ക്ക് വഴിമാറിയിരിക്കുകയാണ്.

നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അപ്പുറം മനസാക്ഷി എന്നൊന്നില്ലേ? അതിന് പ്രധാന്യം കൊടുത്തുകൊണ്ടു വേണ്ടേ ഒരു മനുഷ്യല്‍ എന്ന് നിലയില്‍ പ്രവര്‍ത്തിക്കാന്‍? സ്വന്തം വീട്ടിലെ ഒരു സ്ത്രീയാണ് ആ സ്ഥാനത്തെങ്കില്‍ എന്ന് ചിന്തിച്ചാല്‍ മതിയല്ലോ? എന്ന് ഒരുകൂട്ടര്‍ ചോദിക്കുമ്പോള്‍ ബസിലെ പതിവ് യാത്രക്കാരുള്‍പ്പെടുന്ന മറ്റൊരു കൂട്ടര്‍ പറയുന്നതിങ്ങനെയാണ്…
‘ദീര്‍ഘദൂര യാത്രക്കാര്‍ മാത്രമാണു മിന്നല്‍ ബസിനെ ആശ്രയിക്കുന്നത്. അവര്‍ക്കു വേണ്ടി മാത്രമായാണു മിന്നല്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നതും. മറ്റു ബസ് സര്‍വീസുകള്‍ ആവശ്യത്തിനുള്ള റൂട്ടുകളിലാണു മിന്നല്‍ ബസുകള്‍ ഓടുന്നത്. ഹ്രസ്വദൂര യാത്രക്കാര്‍ക്കു മറ്റു ബസുകളെ ആശ്രയിക്കാമല്ലോ. കണ്ണൂര്‍കോഴിക്കോട് റൂട്ടിലും നിശ്ചിത ഇടവേളകളില്‍ രാത്രി സമയങ്ങളിലും സര്‍ക്കാര്‍ ബസുകളോ സ്വകാര്യ ബസുകളോ ഉണ്ട്. കോഴിക്കോട്ടു നിന്നു പയ്യോളിയിലേക്കു യാത്ര ചെയ്യാന്‍ മിന്നല്‍ സര്‍വീസിനെ ആശ്രയിക്കേണ്ട സാഹചര്യം നിലവിലില്ല. സംഭവദിവസം, പയ്യോളിയില്‍ സ്റ്റോപ്പുള്ള വേറൊരു ബസ് മിന്നലിന്റെ പിന്നാലെ ഉണ്ടായിരുന്നു എന്നും ഓര്‍ക്കുക. മിന്നലില്‍ മാത്രമേ യാത്ര ചെയ്യൂ എന്നു ഹ്രസ്വദൂര യാത്രക്കാര്‍ വാശിപിടിച്ചാല്‍ അതിനു കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ടുനില്‍ക്കരുത്. നല്ല ലാഭത്തിലോടുന്ന മിന്നല്‍ സര്‍വീസുകളെ തകര്‍ക്കാനുള്ള ഗൂഢാലോചന ഈ വിവാദത്തിനു പിന്നിലുണ്ടെന്നു സംശയിക്കണം.

രാത്രി സമയത്തു സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ എവിടെയും നിര്‍ത്തണം എന്ന നിബന്ധന മിന്നല്‍ ബസുകള്‍ക്കു ബാധകമല്ലെന്ന കാര്യം യാത്രക്കാരി അറിഞ്ഞില്ല എന്നതു ബസ് ജീവനക്കാരുടെ തെറ്റല്ല. രാത്രി സമയത്ത് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തിന്റെ പ്രശ്‌നവും ഈ കേസില്‍ ഇല്ലെന്നു കാണാം. വാഹനവുമായി രക്ഷിതാവു കാത്തുനില്‍ക്കുമ്പോള്‍ എന്തു സുരക്ഷാപ്രശ്‌നമാണുള്ളത്? ഒരാള്‍ക്കു മാത്രമായി ആനുകൂല്യം നല്‍കുന്നതു ചോദ്യം ചെയ്യപ്പെടില്ലേ? അങ്ങനെ യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്തിക്കൊടുത്താല്‍ പിന്നെ ഈ ബസിനു മിന്നലെന്ന പേര് എന്തിന്? ദയവായി വിവാദങ്ങള്‍ കൊണ്ട് ഈ മിന്നലിനെ ഇല്ലാതാക്കരുത്. ഇതിങ്ങനെ മിന്നിച്ചു പൊയ്‌ക്കോട്ടെ!

Related posts