പത്തനംതിട്ട: മഴയ്ക്ക് മുന്നോടിയായി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മൈലപ്ര പെട്രോൾ പന്പിനോടു ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നിരുന്ന വാകമരം പൊട്ടിത്തെറിച്ചു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന പത്തനംതിട്ട – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസിന്റെ സൈഡിലെ ആറോളം ഗ്ലാസുകൾ പൊട്ടിത്തെറിച്ചു.
തൊട്ടടുത്ത് കുളിച്ചുകൊണ്ടിരുന്ന കണ്ടക്ടറുടെ ദേഹത്ത് പൊട്ടിത്തെറിച്ച മരത്തിന്റെ ചില്ലകൾ തെറിച്ചുവീണു. പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിമിന്നലിൽ കത്തിയെരിഞ്ഞ വൃക്ഷ ശിഖരങ്ങൾ സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിനു മുകളിലും പ്രധാന പാതയിലേക്കും ചിതറി തെറിച്ചു. ഇടിമിന്നലിൽ മരം കത്തിയെരിഞ്ഞതിനു സമീപത്തു തന്നെയാണ് പൊട്രാൾ പമ്പ് പ്രവർത്തിക്കുന്നെങ്കിലും ഇവിടേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
മരം തീർത്തും കത്തിയെരിയുകയായിരുന്നെന്നു ദൃക്സാക്ഷിയായ ഗീവർഗീസ് തറയിൽ പറഞ്ഞു. മഴയില്ലാതെയാണ് ഇടിമിന്നൽ ഉണ്ടായത്. പെട്രോൾ പന്പിലെ ഓട്ടോമേഷൻ യന്ത്രം ഇടിമിന്നലിൽ തകരാറിലായി. ഇതോടെ പമ്പിന്റെ പ്രവർത്തനവും മുടങ്ങി. സമീപത്തെ വീടുകൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും നാശം ഉണ്ടായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ളവയും തകരാറിലായി.