പാനൂർ: വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റത് മൊബൈൽ ഉപയോഗിക്കുമ്പോൾ. ഇന്നലെ പുല്ലൂക്കരയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട കിഴക്കെ വളപ്പിൽ താമസിക്കും താഴെ തൂലയിൽ മഹമൂദിന്റെ മകൻ ഫഹദ് (17), ആനകെട്ടിയതിൽ താമസിക്കും പൂക്കോം മെട്ടമ്മലിൽ റഹീമിന്റെ മകൻ സെമീൻ (17) എന്നിവർ മരണപ്പെട്ടത് ഇടിമിന്നലുള്ള സമയത്ത് മൊബൈൽ ഉപയോഗിക്കുമ്പോഴെന്ന് നിഗമനം.
ഇവർ ഉപയോഗിച്ച ഫോണുകൾ കത്തികരിഞ്ഞ് പൊട്ടിത്തെറിച്ച നിലയിൽ മരണപ്പെട്ട സ്ഥലത്ത് നിന്നും കണ്ടെത്തി. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
കൊച്ചിയങ്ങാടി തട്ടാൻ കണ്ടി താഴെ പ്രദേശത്ത് വയലിൽ കുളിക്കാൻ പോയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം എപ്പോഴും ഈ വയലിൽ കളിക്കാറുണ്ടായിരുന്നു ഇരുവരും. പതിവുപോലെ ഇന്നലെയും കളിസ്ഥലത്തെത്തിയപ്പോൾ മഴ കാരണം മറ്റ് സുഹൃത്തുക്കൾ കളിക്കാനെത്തിയില്ല.
ഇതിനാൽ കളിസ്ഥലത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു. സമയം ഏറെ വൈകിയിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്താതതിനെ തുടർന്ന് കളിസ്ഥലത്ത് വീട്ടുകാർ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പരിക്കേറ്റ ഉടനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫഹദ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയും സെമിൻ പ്ലസ് ടു കഴിഞ്ഞ് ഗൾഫിൽ നിന്നും നാട്ടിലെത്തിയതായിരുന്നു. ഫഹദിന്റെ മാതാവ്: ഷാഹിദ. സഹോദരങ്ങൾ: സനീറ, സമീറ, ഫിദ. സമിന്റെ മാതാവ്.നൗഫീല. സഹോദരൻ : റഹനാസ്.