റോബിൻ ജോർജ്
വേനൽ മഴയോടൊപ്പം എത്തുന്ന കനത്ത ഇടിമിന്നൽ കനത്തനാശം വരുത്തിവയ്ക്കുന്നതിനോടൊപ്പം നിരവധി ജീവനും കവരുന്ന സമയമാണിപ്പോൾ. കാലവർഷത്തിനു മുന്നോടിയായി പെയ്യുന്ന വേനൽ മഴ ചൂടിന് ശമനമേകുന്പോൾതന്നെ ഇടിമിന്നൽ ജനങ്ങളിൽ ഭീതിയും ഉളവാക്കുന്നു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവരാണു ഇടിമിന്നലുകൊണ്ടുള്ള ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.
മരണം ഉൾപ്പെടെയുള്ള അപകടങ്ങൾ ഏറെയും സംഭവിക്കുന്നതു ഗ്രാമപ്രദേശങ്ങളിലാണ്. മിന്നൽ മൂലമുള്ള അപകടങ്ങൾ കൂടുതലുമുണ്ടാകുന്നത് മാർച്ച്-മേയ് സമയത്തെ വേനൽക്കാലത്തും, തുലാവർഷക്കാലത്തുമാണ്.
ഇന്ത്യയിൽ ഇടിമിന്നലേറ്റ് ഏറ്റവും അധികം മരണവും നാശനഷ്ടവും സംഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നാണു പഠന റിപ്പോർട്ടുകൾ. കേരളത്തിൽ ഒരു വർഷം ശരാശരി 71 പേർ ഇടിമിന്നലേറ്റ് മരിക്കുന്നു എന്നാണു കണക്ക്. വെള്ളവും കാലാവസ്ഥയും ആയി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മുഖ്യമാണ് ഇടിമിന്നൽ. വേനൽമഴക്കാലത്തുള്ള ഇടിമിന്നലുകൾ ഏറെ വിനാശകാരികളാണ്.
മിക്കവാറും ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലാണ് ഇത്തരം ഇടിമിന്നലുകൾ ഏറെയും ഉണ്ടാകുന്നത്. ഇടിമിന്നലിന്റെ സഞ്ചാരവേഗത ഒരു സെക്കന്റിൽ മൂന്നുലക്ഷം കിലോമീറ്ററായതിനാൽ മിന്നലുണ്ടാകുന്പോൾ അതിന്റെ സഞ്ചാരപഥത്തിൽനിന്നും മാറി രക്ഷപ്പെടുക എപ്പോഴും സാധ്യമല്ല.
എന്നാൽ മിന്നലിനേക്കുറിച്ച് വ്യക്തമായ അവബോധമുണ്ടെങ്കിൽ ആഘാതമേൽക്കാതെ രക്ഷനേടാം. മിന്നലുണ്ടാകാൻ സാധ്യതയുള്ള കാലം, സമയം ഇവ മനസിലാക്കിയാൽ അതിന്റെ ആഘാതം ഒരു പരിധിവരെ ഒഴിവാക്കാം.
അടുത്തമാസം അവസാനംവരെ ഇടിമിന്നലിന്റെ തീവ്രത വർധിക്കാം. ഇടിമിന്നലിൽനിന്നു രക്ഷനേടാനുള്ള സുരക്ഷാചാലകത്തിന്റെ അപര്യാപ്തതയാണു മരണങ്ങൾക്ക് ഒരു കാരണം. ഗുണനിലവാരമുള്ള മിന്നൽ രക്ഷാചാലകങ്ങളല്ലെങ്കിൽ അതുകൊണ്ടുള്ള പ്രയോജനം കിട്ടുകയില്ല. ദുരന്തസമയത്തും അതിനുമുന്പും അവലംബിക്കേണ്ട സുരക്ഷാമാർഗങ്ങളിലൂടെ ഒരെത്തിനോട്ടം.
ഉയർന്ന പ്രദേശങ്ങളിൽ അപകട സാധ്യത കൂടുതൽ
ഇടിമിന്നലുണ്ടാകുന്ന സമയത്ത് ഉയർന്ന പ്രദേശങ്ങളിൽ അപകടസാധ്യത വളരെ കൂടുതലാണ്. കൂടാതെ തുറന്ന പ്രദേശങ്ങൾ തീരെ സുരക്ഷിതവുമല്ല. ഇടിമിന്നലുണ്ടാകുന്പോൾ കുന്നിൽമുകളിൽ നിൽക്കുകയോ തറയിൽ കിടക്കുകയോ ചെയ്യരുത്.
ഏറ്റവും ഉയരമുള്ള വസ്തുവിലാണു മിന്നൽ വീഴാൻ ഏറ്റവുമധികം സാധ്യത എന്നതിനാൽതന്നെ ഉയരമുള്ള മരങ്ങളുടെ ചുവട്ടിലും അഭയംതേടരുത്. മരത്തിൽ മിന്നലേറ്റാൽ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതി നമ്മുടെ ദേഹത്തേക്കും കടന്ന് അപകടമുണ്ടായേക്കാം.
മിന്നലുള്ള സമയത്തു സൈക്കിൾ, സ്കൂട്ടർ, മോട്ടോർസൈക്കിൾ തുടങ്ങിയ വാഹനങ്ങളിൽ യാത്രചെയ്യുന്നതും സുരക്ഷിതമല്ല. കുളങ്ങളിലോ കായലിലോ നീന്താനും വള്ളത്തിൽ യാത്രചെയ്യാനും ശ്രമിക്കരുത്. സ്വർണം, വെള്ളി മുതലായവകൊണ്ടുള്ള ആഭരണങ്ങൾ മിന്നലിനെ ആകർഷിക്കുമെന്നതിനാൽ ഇടിമിന്നലുള്ള സമയത്ത് ഇവയും ഒഴിവാക്കാം.
തുറസായ സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് അപകടകരമാണ്. പൊക്കമുള്ള മരങ്ങൾ, ടവറുകൾ, വേലികൾ, ടെലിഫോണ് ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ ഇടിമിന്നലിനെ ആകർഷിക്കും. അവയിൽനിന്നും മാറി നിൽക്കണം.
തുറന്ന പ്രദേശത്തായിരിക്കെ ഇടിയുടെ ശബ്ദം കേട്ടാലുടൻ സുരക്ഷിതമായ സ്ഥലത്തേക്കു മാറണം.
സുരക്ഷിതസ്ഥലത്തേക്കു പോകാൻ നിവൃത്തിയില്ലെങ്കിൽ മാത്രം, കഴിയുന്നത്ര ഉയരം കുറയ്ക്കാനായി കാലുകൾ ചേർത്ത് കുത്തിയിരുന്ന് കൈകൊണ്ട് ചെവികൾ പൊത്തിപ്പിടിക്കുക.
തറയിൽക്കൂടി പ്രവഹിക്കാവുന്ന മിന്നൽവൈദ്യുതി കാലിൽക്കൂടി കടന്ന് പരിക്കേൽക്കാതിരിക്കാനാണു കാലുകൾ ചേർത്തുവയ്ക്കുന്നത്. സമീപത്തു മിന്നലേറ്റാൽ ഇടിയുടെ ആഘാതംമൂലം ചെവിക്കു തകരാറുണ്ടാകാതിരിക്കാനാണ് ചെവി പൊത്തിപ്പിടിക്കാൻ വിദഗ്ധർ നിർദേശിക്കുന്നത്. ഇടിമിന്നലുള്ളപ്പോൾ മീൻപിടിത്തക്കർ ശ്രദ്ധിക്കണം. പരമാവധി ഇടിമിന്നലിനുശേഷം മാത്രം മീൻപിടിത്തക്കാർ ജോലികളിൽ വ്യാപൃതരാകുക.
ലോഹ നിർമിത ഏണിപ്പടികൾ, പൈപ്പ്, ടിവി ആന്റിന തുടങ്ങിയവ ഇടിമിന്നൽ സമയത്ത് തൊടാതിരിക്കുക. ഇടിമിന്നലിനുമുന്പ് തന്നെ വൈദ്യുത ഉപകരണങ്ങളായ ടിവി, തേപ്പുപെട്ടി, കന്പ്യൂട്ടർ, അലക്കുയന്ത്രം, ഫ്രിഡ്ജ് തുടങ്ങിയവയുടെ പ്ലഗ്ഗുകൾ ഉൗരിയിടുക.
സ്വിച്ച് അണച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല എന്നതിനാൽ വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ് ഉൗരിയിടുകതന്നെ വേണം. കൂടാതെ, ബാത്ത്ടബ്ബുകൾ, ഹീറ്ററുകൾ തുടങ്ങിയവയുടെ ഉപയോഗവും ഒഴിവാക്കുക. വാഹനങ്ങളിൽ ചാരി നിൽക്കുന്നതും അപകടം ഉണ്ടാക്കും.
മിന്നലിനെ പ്രതിരോധിക്കാം
മിന്നലിന്റെയും ഇടിമുഴക്കത്തിന്റെയും ഇടയിലുള്ള സമയം എത്ര സെക്കന്റാണെന്നു കണക്കാക്കി ഇടിമിന്നലിന്റെ ഉത്ഭവസ്ഥാനം തിട്ടപ്പെടുത്താൻ കഴിയും. ഇടിമുഴക്കം വളരെ ഉച്ചത്തിൽ കേൾക്കുകയാണെങ്കിൽ ഇടിമിന്നലിന്റെ ഉത്ഭവകേന്ദ്രം വളരെ അടുത്താകാനാണു സാധ്യത. അത്തരം സന്ദർഭങ്ങളിൽ ഉൾപ്പെടെ നിശ്ചയമായും മുൻകരുതൽ എടുത്തിരിക്കണം.
വീടുകളിലെ മട്ടുപ്പാവിൽ വിളക്കുകാലുകൾ ഉണ്ടാക്കുന്പോൾ ലോഹപൈപ്പുകൾ ഒഴിവാക്കുക. അവിടെ അയകെട്ടുന്പോൾ ഇരുന്പുകന്പികളും ലോഹനിർമിത ചരടുകളും ഒഴിവാക്കുക. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അംഗീകരിച്ചിട്ടുള്ള നിബന്ധനകൾക്കനുസൃതമായിരിക്കണം മിന്നൽ സുരക്ഷാചാലകങ്ങൾ സജ്ജീകരിക്കേണ്ടത്.
ഈ ചാലകങ്ങളിൽ പതിക്കുന്ന മിന്നലിന്റെ ഉൗർജം എർത്തിംഗ് സംവിധാനം വഴി കെട്ടിടത്തിന്റെ പുറത്തേക്ക് പ്രവഹിക്കുന്നു. അങ്ങനെ ഈ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം സുരക്ഷിതമായിത്തീരുന്നു. ഇടിമിന്നലുണ്ടാകുന്പോൾ മുറിക്കുള്ളിൽ, തറയുമായി ബന്ധപ്പെടാതെ, കട്ടിലിന്റെയോ സ്റ്റൂളിന്റെയോ കസേരയുടെയോ മുകളിൽ ഇരിക്കുന്നതാണു നല്ലത്.
മിന്നൽ നേരിട്ട് പതിക്കുന്നത് നേരെ മുകളിൽനിന്നു മാത്രമാവണമെന്നില്ല. അതുകൊണ്ട് ജനൽ, വാതിൽ, തുടങ്ങിയവയിൽനിന്നു മാറി നിൽക്കണം. വശങ്ങൾ, തുറന്ന ഷെഡുകളും മറ്റും സുരക്ഷിതമല്ല. വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടുന്നത് സുരക്ഷിതത്വം വർധിപ്പിക്കും.
മിന്നൽ കെട്ടിടത്തിൽ അടിച്ചില്ലെങ്കിലും അപകടം നടന്നേക്കാം. കെട്ടിടത്തിനുള്ളിലേക്ക് വെളിയിൽനിന്നു വരുന്ന കന്പികളും പൈപ്പുകളും മറ്റും മിന്നലിന്റെ വൈദ്യുതി വഹിച്ചുകൊണ്ടുവരാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യാതൊരു ഉപകരണവും തൊടുകയോ അടുത്തു പോകുകയോ അരുത്.
ലോഹപദാർഥമല്ലാത്ത മേൽക്കൂരയും മിന്നൽരക്ഷാസംവിധാനങ്ങളായ മിന്നൽച്ചാലകം, റിംഗ് കണ്ടക്ടർ തുടങ്ങിയവ സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങൾ എന്നിവ ഇടിമിന്നലിൽനിന്ന് നല്ലവണ്ണം സുരക്ഷയേകുന്ന ഇടങ്ങളാണ്. ലോഹപദാർഥം കൊണ്ടുള്ള മേൽക്കൂര സുരക്ഷിതമല്ല.
വലിയ കോണ്ക്രീറ്റ് കെട്ടിടങ്ങളും ചെറിയ തരത്തിൽ സുരക്ഷിതമാണ്. ലോഹംകൊണ്ടുള്ള പാത്തികളും ജലം തറയിൽവരെ എത്തിക്കാൻ അവയിൽനിന്നു താഴെവരെ ലോഹനിർമിതമായ പൈപ്പുമുണ്ടെങ്കിൽ അത്തരം കെട്ടിടങ്ങൾ കുറച്ചൊക്കെ രക്ഷയേകും.
ഓടോ ഓലയോ മേഞ്ഞ കെട്ടിടങ്ങൾ, ചെറിയ തുറന്ന ഷെഡ്ഡുകൾ തുടങ്ങിയ സ്ഥലങ്ങൾ മിന്നൽരക്ഷാ സംവിധാനമില്ലെങ്കിൽ സുരക്ഷിതമല്ല. കേരളത്തിൽ, വീടുകളോടു ചേർന്ന് ഉയരത്തിൽ വളരുന്ന വൃക്ഷങ്ങൾ ധാരാളമുണ്ട്. ഇങ്ങനെയുള്ള മരങ്ങളിൽ ഇടിമിന്നലേറ്റാൽ കെട്ടിടത്തിനുള്ളിൽ വൈദ്യുതി വയറുകളും മറ്റുമുള്ളതുകൊണ്ടു തറയിലൂടെ ഇടിമിന്നലിന്റെ ഉൗർജം വീടിനുള്ളിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.
സാധാരണ മിന്നൽ ചാലകങ്ങൾക്ക് ഇതു തടയാനാവില്ല. അതിനാൽ റിംഗ് കണ്ടക്ടറുകൾ വീടുകൾക്ക് ഏറെ അനുയോജ്യമാണ്. വൈദ്യുത ഉപകരണങ്ങൾക്കു മിന്നലിന്റെ ഫലമായുണ്ടാകുന്ന ശക്തിയായ ഉൗർജ പ്രവാഹത്താൽ കേടുപാടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം തകരാറുകൾ ഒരു പരിധിവരെ മിന്നൽ രോധകങ്ങൾ സ്ഥാപിച്ച് ഒഴിവാക്കാവുന്നതാണ്.
മിന്നലേറ്റാൽ
ഒരാൾക്ക് ഇടിമിന്നൽ ഏറ്റുകഴിഞ്ഞാൽ അയാൾക്ക് ഉടൻ പ്രഥമശുശ്രൂഷ നൽകണം. ശ്വാസോച്ഛ്വാസം നിന്നുപോയിട്ടുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം ശാസ്ത്രീയമായി കൊടുക്കുക. ഇടിമിന്നലിന്റെ ഫലമായി പൊള്ളലേറ്റിട്ടുണ്ടെങ്കിൽ അതിനും പ്രഥമശുശ്രൂഷ നൽകി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം.
ഇടിമിന്നൽ ഏൽക്കുന്പോൾ ചിലപ്പോൾ നാഡീവ്യൂഹത്തിനു തകരാർ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനുപുറമെ എല്ലുകൾക്ക് പൊട്ടലോ കാഴ്ചശക്തിക്കും കേൾവിക്കും തകരാറോവരെ സംഭവിക്കാം. ഇത്തരത്തിൽ എന്തെങ്കിലും സംശയം തോന്നുന്നപക്ഷം ഡോക്ടറുടെ വിദഗ്ധോപദേശം തേടുക നല്ലതായിരിക്കും. ഇടിമിന്നലേറ്റ വ്യക്തിയെ പിടിക്കുന്നതുകൊണ്ടു നമുക്ക് വൈദ്യുതാഘാതം ഏൽക്കുകയില്ല.