ലിജിൻ കെ ഈപ്പൻ
മിന്നൽ മുരളി ഇന്നു ലോകോത്തര ശ്രദ്ധ നേടുന്പോൾ ഏറെ അഭിമാനത്തിലാണ് നിർമാതാക്കളായ സോഫിയ പോളും ഭർത്താവ് ജയിംസ് പോളും.
മലയാളത്തിൽ ഒരുപിടി മികച്ച സിനിമകൾ നൽകിയ വീക്ക് എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ അമരക്കാരാണ് ഇരുവരും.
ബാംഗ്ലൂർ ഡെയ്സ്, മുന്തിരിവള്ളികൾ തളിർക്കുന്പോൾ, പടയോട്ടം എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം നിർമിച്ച മിന്നൽ മുരളി നെറ്റ്ഫ്ളിക്സിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയാഹ്ലാദം ഇരുവരുടേയും വാക്കുകളിലൂടെ…
ഐതിഹാസിക വിജയം
സോഫിയ പോൾ: മിന്നൽ മുരളി കേരളത്തിന്റെ അതിർത്തിയും കടന്നു വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്.
ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും വലിയരീതിയിൽ പ്രേക്ഷക ഇഷ്ടം നേടണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനു കാരണം മിന്നൽ മുരളി എന്ന സിനിമയിൽ ഞങ്ങൾക്കു വളരെ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നതാണ്.
മലയാളത്തിൽ ഒരു പരീക്ഷണ ചിത്രമാണ്. സൂപ്പർ ഹീറോയെ നമ്മുടേതായ ചുറ്റുപാടിലേക്കു പറിച്ചു നടുകയായിരുന്നു.
ജയിംസ് പോൾ: മിന്നൽ മുരളി ശരിക്കും ഒരു നാടൻ സൂപ്പർ ഹീറോയാണ്. ഒരിക്കൽ എന്റെ മകൻ പറഞ്ഞിരുന്നു, ഇത് പ്രേക്ഷകർ ഏറ്റെടുത്താൽ വലിയൊരു വിജയം തന്നെയായിരിക്കുമെന്ന്.
ഇന്നു മിന്നൽ മുരളി വലിയ വിജയം നേടുന്പോൾ അത് ശരിയായി മാറി. മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചെന്നത് വലിയ സന്തോഷം നൽകുന്നു.
സോഫിയ പോൾ: തമിഴ് സംവിധായകൻ വെങ്കട് പ്രഭുവും ധോണിയുടെ ഭാര്യ സാക്ഷി സിംഗും മിന്നൽ മുരളിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്പോൾ മറ്റു ഭാഷയിലുള്ളവരും നമ്മുടെ സിനിമ സ്വീകരിക്കുന്നുവെന്നതിൽ അഭിമാനം തോന്നുന്നു.
നെറ്റ്ഫ്ളിക്സിലേക്കു സിനിമ എത്തിയപ്പോൾ ഒരു പാൻ ഇന്ത്യ എന്ന നിലയിൽ സിനിമ മാറി.
ലോകോത്തര ശ്രദ്ധ തന്നെ നേടിയെടുക്കാൻ അതുകൊണ്ടു സാധിച്ചു. തിയറ്ററിൽ തന്നെ പ്രേക്ഷകരിലേക്കു ചിത്രം എത്തിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.
ഇപ്പോൾ ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നു മിന്നൽ മുരളിയെക്കുറിച്ച് ചർച്ചയുണ്ടാകുന്പോൾ അത് വലിയ ആനന്ദം നൽകുന്നു.
പോൾ: ശരിക്കും ഒടിടി പ്ലാറ്റ്ഫോമിലേക്കു സിനിമ പോകേണ്ടുന്ന സാഹചര്യം വന്നപ്പോൾ ഞങ്ങൾക്കു ദുഃഖമുണ്ടായിരുന്നു. ടോവിനോയ്ക്കും ബേസിലിനുമെല്ലാം ആ വിഷമമുണ്ടായിരുന്നു.
പക്ഷേ, ഇപ്പോഴത്തെ സാഹചര്യം എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ ഒടിടിയിലേക്ക് എന്നത് എല്ലാവരും സ്വീകരിച്ചു.
ശരിക്കും ഇപ്പോൾ ഞങ്ങളേക്കാൾ ഏറ്റവും അധികം സന്തോഷിക്കുന്നത് അവർ ഇരുവരുമാണ്. ഞങ്ങൾ എല്ലാവരും വലിയ സന്തോഷത്തിലാണ്.
സോഫിയ പോൾ: ഞങ്ങളുടെ ടീമിന്റെ വിജയമാണിത്. ഏറ്റവും പ്രതിഭാശാലികളായ കലാകാരന്മാരാണ് ചിത്രത്തിനായി ഒത്തുകൂടിയത്.
അഭിനേതാക്കളും സംവിധായനും എഴുത്തുകാരും കാമറയും തുടങ്ങി എല്ലാം മികച്ചത് ഒത്തുവന്നു. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് അത് സംഭവിക്കുന്നത്.
ലോക്കൽ ഹീറോയുടെ കഥ
സോഫിയ പോൾ: പടയോട്ടത്തിന്റെ പ്രമോഷൻ സമയത്താണ് അതിന്റെ തിരക്കഥാകൃത്തായ അരുണ് ഒരു ലോക്കൽ ഹീറോയുടെ ആശയം പറഞ്ഞത്.
മിന്നൽ അടിച്ചിട്ട് ശക്തി കിട്ടുന്ന മിന്നൽ മുരളി എന്ന കഥാപാത്രം. കഥാപാത്രം മാത്രമാണുള്ളത്, കഥയുണ്ടായിരുന്നില്ല.
ആ കഥാപാത്രത്തിൽ ഞങ്ങൾക്ക് വളരെ ആവേശം തോന്നി. പടയോട്ടത്തിൽ ബേസിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് അരുണ് ബേസിലിനോട് ഈ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞിരുന്നു.
ബേസിലും ഞാനും മറ്റൊരു പ്രോജക്ടിന്റെ കാര്യം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ബേസിലിനോട് സംസാരിച്ചപ്പോൾ അയാൾക്കും വളരെ താല്പര്യം.
അവിടെ നിന്നാണ് മിന്നൽ മുരളി എന്ന സിനിമയുടെ ആരംഭം. ബേസിലാണ് അരുണിനൊപ്പം ജസ്റ്റിനേയും കൂട്ടി തിരക്കഥ എഴുതിപ്പിക്കുന്നത്.
2018 ഡിസംബറിൽ ആരംഭിച്ച സിനിമ 2019 ഡിസംബറിലാണ് ചിത്രീകരണത്തിലേക്കെത്തുന്നത്. അതിനിടയിൽ വളരെ മുന്നൊരുക്കമുണ്ടായിരുന്നു.
ആക്ഷൻ ഡയറക്ടറെ ഹോളിവുഡിൽ നിന്നു വേണമെന്നത് മക്കളുടെ തീരുമാനമായിരുന്നു.
ജയിംസ് പോൾ: സൂപ്പർ ഹീറോയായതുകൊണ്ട് അതിന്റെ ബജറ്റിനപ്പുറം എല്ലാകാര്യത്തിലും മികച്ചത് നൽകണം എന്നുണ്ടായിരുന്നു.
മക്കളായ സെബിനും കെവിനുമാണ് ഹോളിവുഡിലെ പല ആക്ഷൻ ഡയറക്ടർമാരുമായി ചർച്ച നടത്തിയത്. ഒടുവിലാണ് വ്ളാഡ് റിംബർഗിലെത്തുന്നത്.
അദ്ദേഹത്തിനു സിനിമയുടെ ഫുൾ സ്റ്റോറി ബോർഡ് അയച്ചുകൊടുത്തിരുന്നു. ഇത്തരത്തിൽ ഒരുവർഷത്തെ ഹോം വർക്കുണ്ടായിരുന്നു.
സോഫിയ പോൾ: നമ്മുടെ സൂപ്പർ ഹീറോയായി ആദ്യംതന്നെ ടോവിനോയെ തീരുമാനിച്ചു. ഷിബു എന്ന കഥാപാത്രത്തിനു നിരവധിപേരെ പരിഗണിച്ചു.
ആ കഥാപാത്രത്തിന് അന്യഭാഷയിൽ നിന്നുതന്നെ ഒരാൾ വേണമെന്നതു നിർബന്ധമായിരുന്നു. ഗുരുവിലേക്ക് എത്തിയത് ബേസിലാണ്.
ബ്രൂസ്ലീ ബിജിയായി ഫെമീനയെ ഓഡിഷനിലൂടെ കണ്ടെത്തി. ജോസ് മോനെ ലവ് ആക്ഷൻ ഡ്രാമയിലെ കഥാപാത്രത്തിലൂടെയാണ് കണ്ടെത്തിയത്.
ചിത്രത്തിൽ അവസാനമെത്തിയ ആളാണ് കാമറാമാൻ സമീർ താഹിർ. വിഎഫ്എക്സിന്റെ സൂപ്പർവൈസർ മക്കളുടെ സുഹൃത്തായിരുന്ന ആൻഡ്രുവായിരുന്നു. എല്ലാം വളരെ മികച്ച ടീം എത്തി.
ജയിസ് പോൾ: ടോവിനോയും ബേസിലും അടക്കം എല്ലാവരും ഞങ്ങളുടെ മക്കളുടെ പ്രായത്തിൽ തന്നെയുള്ളവരാണ്. മക്കൾക്ക് സൂപ്പർ ഹീറോ കഥാപാത്രങ്ങളോട് താല്പര്യമുള്ളതിനാൽതന്നെ ബേസിലിനു വളരെ എളുപ്പമായി.
പവി വരച്ച സൂപ്പർ ഹീറോയുടെ വേഷം വലിയ സിനിമകളുടെ കോസ്റ്റ്യൂം ചെയ്യുന്ന മുംബൈയിലുള്ള ദിപാലി നൂറ് എന്ന ഫാഷൻ ഡിസൈനറെക്കൊണ്ട് ഒരുക്കി.
ടോവിനോ- ബേസിൽ ജോസഫ് ടീം
സോഫിയ പോൾ: ഗോദ മുതൽ അടുപ്പമുള്ളതുകൊണ്ട് അവരുടെ കെമിസ്ട്രി ചിത്രത്തിനു മുതൽക്കൂട്ടായി. അവരുടെ സൗഹൃദം സിനിമയ്ക്കും ഗുണകരമായി.
വളരെ വിഷനുള്ള സംവിധായകനാണ് ബേസിൽ. ഒപ്പം വളരെ ഹാർഡ് വർക്കുമായി നായകൻ കൂടി ചേർന്നതോടെ മിന്നൽ മുരളി മികച്ചതായി മാറി.
രണ്ടാം ഭാഗം ആലോചിച്ചില്ല
സോഫിയ പോൾ: രണ്ടാംഭാഗം സംബന്ധിച്ച് ഞങ്ങൾ ആരും ഒന്നും വിളംബരം ചെയ്തിട്ടില്ല. രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആഗ്രഹമുണ്ട് എന്നാണ് ഞങ്ങൾ പറഞ്ഞത്.
അതാണ് മിന്നൽ മുരളിയ്ക്കു രണ്ടാം ഭാഗം വരുമെന്നുള്ള രീതിയിൽ സംസാരമുണ്ടായത്. ഇപ്പോൾ ഈ വിജയത്തിന്റെ മധുരത്തിലാണ് ഞങ്ങൾ.
സമയമുണ്ടല്ലോ, രണ്ടാം ഭാഗം വേണമെന്നു ഞങ്ങൾക്കു തോന്നിയാൽ ചെയ്യു ം എന്നു മാത്രം.
ഷൂട്ടിംഗ് വെല്ലുവിളി
സോഫിയ പോൾ: കോവിഡിന്റെ ആഗമനത്തോടെ ചിലർ സെറ്റ് പൊളിച്ചതും ഷൂട്ട് നിന്നുപോയതുമൊക്കെ മാനസികമായി ഞങ്ങൾക്കും വിഷമം നൽകി. പിന്നീട് ഞങ്ങൾ ക്ലൈമാക്സിനു വേണ്ടി പള്ളിയുടെ സെറ്റ് ഒരുക്കുന്നത് കർണാടകയിലായിരുന്നു.
ജയിംസ് പോൾ: സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിനു മുന്പാണ് ഷൂട്ടിംഗ് നിന്നുപോകുന്നത്. വീണ്ടും ഷൂട്ടിനു അനുമതി ലഭിച്ചപ്പോഴും കേരളത്തിൽ നിയന്ത്രണം വളരെ കൂടുതലായിരുന്നു.
അപ്പോഴാണ് കർണാടകയിലെ ഹസനിലേക്ക് പോകുന്നത്. ശരിക്കും അത്യുഗ്രൻ സ്ഥലമായിരുന്നു ഞങ്ങൾക്കവിടെ കിട്ടിയത്. മികച്ച ഫ്രേമുകൾ സിനിമയ്ക്ക് അവിടെ നിന്നും ലഭിച്ചു.
പുതിയ പ്രോജക്ടുകൾ
സോഫിയ പോൾ: മൂന്നു പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്. മിന്നൽ മുരളിക്കായി മൂന്നു വർഷമാണ് ഞങ്ങൾ മാറ്റിവെച്ചത്.
ഇക്കാലയളവിൽ നിരവധി പ്രോജക്ടുകൾ എത്തിയിരുന്നെങ്കിലും മറ്റൊന്നും ചെയ്യാതെ പൂർണമായും ഈ സിനിമയിലായിരുന്നു ഞങ്ങളുടെ സമർപ്പണം.
കാരണം വലിയൊരു സിനിമയാണ് മിന്നൽ മുരളി. അതിന്റേതായ തയാറെടുപ്പും ഒരുക്കവും വേണമായിരുന്നു.
സിനിമയിലേക്ക്
ജയിംസ് പോൾ: സിനിമയോട് വളരെ പ്രേമമുള്ളയാളാണ് സോഫിയ. മോഹൻലാലിന്റെ വളരെ വലിയ ആരാധികയാണ്. 1986 ൽ വിവാഹം കഴിഞ്ഞശേഷം ഞങ്ങൾ ആദ്യമായി ഒരുമിച്ചു കാണുന്ന സിനിമ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളാണ്.
വർഷങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി മുന്തിരി വള്ളികൾ തളിർക്കുന്പോൾ എന്ന പേരിൽ ഒരു സിനിമ ഒരുക്കാനും സാധിച്ചു.
സോഫിയ പോൾ: തിരക്കഥാകൃത്ത് സിന്ധുരാജിനോട് അത്തരത്തിൽ ഒരു പേരുവേണമെന്നു ഞങ്ങൾ നിർബന്ധം പറഞ്ഞിരുന്നു.
അങ്ങനെയാണ് ബൈബിളിലെ സോളമന്റെ പുസ്തകത്തിൽ നിന്നു മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന പേര് പറയുന്നത്. കേട്ടുകഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് ഇഷ്ടമായി.
ജയിംസ് പോൾ: ബിസിനസ് ചെയ്യുന്ന സമയത്ത് എനിക്കൊപ്പം എല്ലായിടത്തും സോഫിയയുണ്ടായിരുന്നു. സിനിമാ നിർമാണത്തിലേക്കു വന്നപ്പോൾ സോഫിയയുടെ പേരു മതിയെന്നു ഞാൻ പറഞ്ഞു.
വായനയും നിരീക്ഷണവുമൊക്കെയുള്ള ആളാണ് സോഫിയ. അങ്ങനെയാണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരു പ്രോജക്ട് ചർച്ച ചെയ്യുന്നത്. അദ്ദേഹം നിർമിക്കുന്ന ബാംഗ്ലൂർ ഡെയ്സിലേക്ക് നിർമാണ പങ്കാളികളായി ഞങ്ങളും തുടക്കം കുറിച്ചു.
സോഫിയ പോൾ: അൻവർ എന്ന സംവിധായകനിലുള്ള വിശ്വാസമായിരുന്നു സിനിമയിലേക്കെത്തിച്ചത്. കേരളത്തിനു പുറത്ത് ഞങ്ങൾ എവിടെച്ചെന്നാലും ബാംഗ്ലൂർ ഡെയ്സിന്റെ നിർമാതാക്കൾ എന്നത് വളരെ അഭിമാനം നൽകുന്നതാണ്.
ഇപ്പോൾ മിന്നൽ മുരളിയുടെ നിർമാതാക്കൾ എന്നതും മുന്നോട്ടു പോകാൻ വലിയ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
സത്രീകൾ സിനിമാ നിർമാണത്തിൽ
സോഫിയ പോൾ: സിനിമ ഇഷ്ടമാണെന്നതാണ് എന്നെ നിർമാതാവായി പിടിച്ചു നിർത്തുന്നത്. ഒരു സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകരിലേക്കെത്തുന്നതുവരെ സിനിമയുടെ ഭാഗമായി വളരെ സമർപ്പണത്തോടെ നിൽക്കാനാകുന്നുണ്ട്.
അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. കുടുംബത്തിന്റെ പിന്തുണയാണ് വലിയ കാര്യം. മക്കൾ ഇരുവരും സിനിമയുടെ ഭാഗമായുണ്ട്.
ഒരു കഥ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ ഞങ്ങൾ എല്ലാവരും അത് ചർച്ച ചെയ്യും. എല്ലാ കാര്യത്തിലുമുള്ള പിന്തുണ കുടുംബത്തിൽ നിന്നു ലഭിക്കുന്നു.
പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന വിധത്തിൽ സിനിമാ നിർമാതാവെന്ന നിലയിൽ സുരക്ഷിതരാക്കുന്ന സിനിമകൾ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം.