ബ്രിട്ടന്റെ തെക്കൻ ഭാഗങ്ങളിൽ താമസിക്കുന്നവർ കഴിഞ്ഞ ദിവസം അപൂർവമായ ഒരു സംഭവത്തിനാണ് സാക്ഷികളായത്. ഒറ്റ രാത്രികൊണ്ട് ഇവിടത്തെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് 15,000 മുതൽ 20,000 വരെ ഇടിമിന്നലുകൾ. ശക്തമായ മഴയും ഇടിയും മിന്നലും കാരണം ഈ പ്രദേശവാസികൾക്ക് ആ രാത്രി ഉറങ്ങാനായില്ല.
ഇടിമിന്നലുകളുടെ മാതാവ് എന്നാണ് ഈ പ്രതിഭാസത്തെ കാലവസ്ഥാ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആ രാത്രിമാത്രം ഫയർഫോഴ്സിന് വന്നത് അഞ്ഞൂറിലധികം ഫോണ്‍കോളുകൾ.
രണ്ടു ദിവസമായി ബ്രിട്ടനിൽ കനത്ത മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളിൽ വെള്ളപ്പൊക്കസാധ്യതയ്ക്കുള്ള മുന്നറിയിപ്പു കൊടുത്തു. മിക്ക പ്രദേശങ്ങളിലും വൈദ്യുതബന്ധം തകരാറിലാണ്. കനത്ത മഴയെത്തുടർന്ന് വിമാനത്താവളങ്ങളുടെ പ്രവർത്തനവും താളംതെറ്റുന്നുണ്ട്.