മത്സര പരീക്ഷകളിൽ ഉത്തരമായി വയനാട് ഊരുനിവാസിയായ മിന്നു മണിയുടെ പേര് ഇനി ആളുകൾ പഠിക്കും, എഴുതും…
സ്വന്തം പേര് ഓട്ടോഗ്രാഫായും മത്സര പരീക്ഷകളിലെ ഉത്തരമായും മാറുകയെന്നത്ര ഉയരത്തിലാണ് വയനാട് മാനന്തവാടി ഒണ്ടയങ്ങാടി കൈപ്പാട്ട് മാവുംകണ്ടി മണി-വസന്ത ദന്പതികളുടെ മകളായ മിന്നു എത്തിനിൽക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അരങ്ങേറുന്ന ആദ്യ മലയാളി വനിതാ താരം എന്ന ചരിത്രനേട്ടം മിന്നു മണി സ്വന്തമാക്കി.
ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യമത്സരത്തിൽ കളിച്ചാണ് ഇരുപത്തിനാലുകാരിയായ മിന്നുവിന്റെ രാജ്യാന്തര അരങ്ങേറ്റം.
അതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ മിന്നുവിന്റെ അഭിമാന നേട്ടത്തിൽ ആഹ്ലാദം പങ്കുവച്ചു. അതെ, കേരളത്തിനും മലയാളികൾക്കുമിത് അഭിമാന മുഹൂർത്തം.
ഇന്ത്യക്കായുള്ള അരങ്ങേറ്റം വിക്കറ്റ് നേട്ടത്തിലൂടെയാണ് മിന്നു മണി ആഘോഷിച്ചത്. 3-0-21-1 എന്നതായിരുന്നു ഓഫ് സ്പിന്നറായ മിന്നുവിന്റെ ബൗളിംഗ്.
ചരിത്ര നിമിഷം
ടോസിനു മുന്പ് ഇന്ത്യൻ ടീം അരങ്ങേറ്റം മിന്നു മണി ഉറപ്പിച്ചു. ഇന്ത്യൻ വനിതാ സൂപ്പർ താരം സ്മൃതി മന്ദാനയുടെ കൈയിൽനിന്ന് ക്യാപ് സ്വീകരിച്ചായിരുന്നു മിന്നു മണി തന്റെ രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. തുടർന്ന് ടോസിനുശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ് മിന്നു മൈതാനത്തേക്ക്.
മിന്നുവിനൊപ്പം ആന്ധ്രപ്രദേശുകാരിയായ അനുഷ ബറേഡിയും ഇന്നലെ അരങ്ങേറ്റം നടത്തി. അനുഷയ്ക്ക് ദേശീയ ടീം ക്യാപ് നൽകിയത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറായിരുന്നു.
നാലാം പന്തിൽ വിക്കറ്റ്
ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ നാല് ഓവർ പൂർത്തിയായപ്പോൾ ബംഗ്ലാദേശ് വനിതകൾ വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്സ് എടുത്തു.
ദീപ്തി ശർമ എറിഞ്ഞ നാലാം ഓവറിനുശേഷം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പന്ത് ഏൽപ്പിച്ചത് മിന്നു മണിയെ. ഇന്ത്യൻ ദേശീയ ടീമിനായി മിന്നു എറിഞ്ഞ ആദ്യ പന്തിൽ ബംഗ്ലാദേശ് ഓപ്പണർ ഷാതി റാണി ഒരു റണ്ണെടുത്തു.