മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നു മണി. ട്വന്റി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എ ടീമിനെ മൂന്നു റണ്‍സിന് ഇന്ത്യൻ എ ടീം തോൽപ്പിച്ചു.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രേയങ്ക പാട്ടീൽ എറിഞ്ഞ അവസാന ഓവറിൽ 13 റണ്‍സാണു വേണ്ടിയിരുന്നത്. വൈഡായ ആദ്യ പന്ത് ഫോറായി.
താളം പിടിച്ചെടുത്ത പാട്ടീൽ അടുത്ത നാലു പന്തുകളിൽ ഓരോ റണ്‍ വീതം വഴങ്ങി. അഞ്ചാം പന്തിൽ റയാന മാക്ഡൊണാഡിനെ മിന്നു മണി പിടിച്ചു. ഇതോടെ ജയിക്കാൻ അവസാന പന്തിൽ നാല് എന്ന നിലയിലായി. എന്നാൽ, അവസാന പന്തിൽ ഇംഗ്ലീഷ് ബാറ്റർ ലോറൻ ഫിലർ റണ്ണൗട്ടാകുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർ ദിനേശ് വൃന്ദ (22), ദിഷ കസത് (25) ജ്ഞാനാനന്ദ ദിവ്യ (22) എന്നിവർ തിളങ്ങി.